നടിയെ ആക്രമിച്ച കേസ് ; നടന്‍ ദിലീപിനെ വെറുതെവിട്ടു


രാജ്യത്തെ നടുക്കിയ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വെറുതെവിട്ടു. ഒന്നു മുതല്‍ 6 വരെ പ്രതികള്‍ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി. ഒന്നു മുതല്‍ ആറുവരെ പ്രതികളായ സുനില്‍ എന്‍ എസ് എന്ന പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വി പി വിജീഷ്, സലിം എച്ച് എന്ന വടിവാള്‍ സലിം, പ്രദീപ്, ചാര്‍ലി തോമസ് എന്നിവരാണ് കുറ്റക്കാര്‍.


എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. ആറു പ്രതികള്‍ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാല്‍, ദിലീപിനെതിരെ ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനെ തുടര്‍ന്നാണ് കുറ്റവിമുക്തനാക്കിയത്.


നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് കുറ്റവിമുക്തനായതോടെ കോടതി വളപ്പില്‍ ആഹ്ലാദ പ്രകടനം നടത്തി ആരാധകര്‍. കോടതി വളപ്പിലും ദിലീപിന്റെ വീടിന് മുന്നിലും ലഡു വിതരണം നടത്തുകയും കേക്ക് മുറിക്കുകയും ചെയ്തു. ദിലീപിന്റെ വീടിന് മുന്നില്‍ പടക്കം പൊട്ടിച്ചു. കോടതി മുറിക്കുള്ളില്‍ അഭിഭാഷകര്‍ ദിലീപിനെ കെട്ടിപ്പിടിച്ചു.



Sharing is Caring