നടിയെ ആക്രമിച്ച കേസ്; ഡിസംബര്‍ എട്ടിന് വിധി പറയും


കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് കേസില്‍ വിധി പറയുന്നത്. അന്ന് എല്ലാ പ്രതികളും ഹാജരാകണം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഇന്ന് അന്തിമ വാദം നടന്നത്. കേസില്‍ പള്‍സര്‍ സുനി ഒന്നാം പ്രതിയും നടന്‍ ദിലീപ് എട്ടാം പ്രതിയുമാണ്. നെടുമ്പാശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കിയ കേസില്‍ ആകെ ഒമ്പത് പ്രതികളുണ്ട്. ബലാത്സംഗ ഗൂഡാലോചന കേസിലാണ് ദിലീപിനെ പ്രതി ചേര്‍ത്തത്.


കഴിഞ്ഞ ഏപ്രിലില്‍ പ്രൊസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂര്‍ത്തിയായിരുന്നു. ഇതിനുശേഷം 27 തവണയാണ് വാദത്തില്‍ വ്യക്തത വരുത്തുന്നതിനായി കേസ് വിചാരണക്കോടതി മാറ്റിവെച്ചത്. കഴിഞ്ഞ വര്‍ഷം വിചാരണ നടപടികള്‍ പൂര്‍ത്തിയായിയെങ്കിലും അന്തിമ നടപടിക്രമങ്ങള്‍ ഒരുവര്‍ഷത്തിലധികം നീണ്ടു.


2017 ഫെബ്രുവരി 17നാണ് കൊച്ചി നഗരത്തില്‍ ഓടുന്ന വാഹനത്തില്‍ വെച്ച് നടിയെ ആക്രമിച്ചത്. 2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ ആരംഭിച്ചത്.



Sharing is Caring