നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നല്‍കിയ അപ്പീല്‍ ഇന്ന് അവധിക്കാലബെഞ്ച് പരിഗണിക്കും


നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപ് നല്‍കിയ അപ്പീല്‍ ഇന്ന് അവധിക്കാലബെഞ്ച് പരിഗണിക്കും. മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ ജില്ലാ ജഡ്ജി തയ്യാറാക്കിയ വസ്തുത അന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴികളുടെ പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്നാണ് അപ്പീലിലെ ആവശ്യം.


തീര്‍പ്പാക്കിയ കേസിലാണ് അതിജീവിതക്ക് മൊഴി പകര്‍പ്പ് നല്‍കാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ഈ ഉത്തരവ് നിയമവിരുദ്ധമെന്നും ദിലീപിന്റെ അപ്പീലിലുണ്ട്. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു ജില്ലാ ജഡ്ജിയുടെ വസ്തുത അന്വേഷണ റിപ്പോര്‍ട്ട് നേരത്തെ അതിജീവിതക്ക് നല്‍കിയത്.


എന്നാല്‍ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴികളുടെ പകര്‍പ്പ് നല്‍കിയിരുന്നില്ല. ഇതിനെതിരെ അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയും മൊഴികളുടെ പകര്‍പ്പ് നല്‍കാന്‍ കോടതി നിര്‍ദേശിക്കുകയും ആയിരുന്നു. ജസ്റ്റിസുമാരായ എം നഗരേഷ്, പി.എം മനോജ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിക്കുക.



Sharing is Caring