നടിയെ അക്രമിച്ച കേസില്‍ സംഭവം നടന്ന് എട്ട് വര്‍ഷത്തിന് ശേഷം ഇന്ന് വിചാരണക്കോടതി വിധി പറയും. നടന്‍ ദിലീപ് ഉള്‍പ്പെടെ പത്ത് പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വിധി പ്രസ്താവിക്കുന്ന ഇന്ന് എല്ലാ പ്രതികളോടും കോടതിയില്‍ ഹാജരാകണമെന്നു ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അപൂര്‍വ സംഭവമായ ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കിയ കേസില്‍ വിധിക്കായി രാജ്യം കാത്തിരിക്കുകയാണ്. 11 മണിക്ക് കോടതി നടപടികള്‍ ആരംഭിക്കും.
സുനില്‍ എന്‍ എസ് എന്ന പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വി പി വിജീഷ്, സലിം എച്ച് എ്‌നന വടിവാള്‍ സലിം, പ്രദീപ്, ചാര്‍ലി തോമസ്, പി ഗോപാലകൃഷ്ണന്‍ എന്ന ദിലീപ്, സനില്‍ കുമാര്‍ എന്ന മേസ്തിരി സനില്‍, ശരത് ജി നായര്‍ എന്നിവരാണ് കേസിലെ ഒന്ന് മുതല്‍ 10വരെയുള്ള പ്രതികള്‍.

2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം വെച്ചാണ് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് നിര്‍ത്തി ഒരുസംഘം അതിക്രമിച്ച് കയറിയത്. ഇവര്‍ അതിജീവിതയെ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും അപകീര്‍ത്തികരമായ വീഡിയോയും ചിത്രങ്ങളും പകര്‍ത്തുകയും ചെയ്തശേഷം കടന്നു കളഞ്ഞു.
സംഭവത്തിന് ശേഷം അതിജീവിത സംവിധായകനും നടനുമായ ലാലിന്റെ വസതിയില്‍ അഭയം തേടി. വിവരം അറിഞ്ഞ് സ്ഥലം എം എല്‍ എ ആയിരുന്ന പി ടി തോമസ് ലാലിന്റെ വസതിയിലെത്തി അതിജീവിതയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നാലെ അതിജീവിത പോലീസില്‍ പരാതി നല്‍കി. അതിജീവിത സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറായ കൊരട്ടി പൂവത്തുശേരി മാര്‍ട്ടിന്‍ ആന്റണിയെ 2017 ഫെബ്രുവരി 18ന് പോലീസ് കസ്റ്റഡിയിലെടുത്തു. മാര്‍ട്ടിന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിനിമാ രംഗവുമായി ബന്ധമുള്ള പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിജീവിതയെ ആക്രമിച്ചതെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ പ്രതികള്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പോലീസ് കണ്ടെത്തി.
കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാന്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പോലീസ് കോടതിയെ അറിയിച്ചു. 2017 ഏപ്രില്‍ 18ന് പള്‍സര്‍ സുനിയെ ഒന്നാം പ്രതിയാക്കി പോലീസ് അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇതിന് പിന്നാലെയാണ് കേസില്‍ നടന്‍ ദിലീപിന്റെ പങ്കാളിത്തം വ്യക്തമാകുന്ന സംഭവവികാസങ്ങള്‍ക്ക് തുടക്കമാകുന്നത്. വിഷ്ണു എന്നയാള്‍ ഫോണില്‍ വിളിച്ചു സംഭവത്തില്‍ ബന്ധപ്പെടുത്താതിരിക്കാന്‍ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടെന്ന് ദിലീപ് ഡി ജി പിക്ക് പരാതി നല്‍കി.
2017 ജൂണ്‍ 23ന് കേസില്‍ ദിലീപിന്റെ പങ്ക് വെളിപ്പെടുത്തി പള്‍സര്‍ സുനി എഴുതിയ കത്ത് പുറത്തുവന്നത് കേസിലെ നിര്‍ണ്ണായക വഴിത്തിരിവായി. പിറ്റേന്ന് തന്നെ ദിലീപിന്റെ പങ്ക് വെളിപ്പെടുത്തുന്ന നിര്‍ണ്ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതിന് പിന്നാലെ ദിലീപിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരായ വിഷ്ണു, സനല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.













