സിപിഎം ദേശീയ പ്‌ളീനത്തിന് കൊല്‍ക്കത്തയില്‍ ഞായറാഴ്‌ച കൊടി ഉയരും. ചരിത്രപ്രസിദ്ധമായ ബ്രിഗേഡ് മൈതാനത്ത് സിപിഎമ്മിന്റെ മൂന്നാം ദേശീയ പ്‌ളീനമാണ് അരങ്ങേറുക. പ്രമോദ് ദാസ് ഗുപ്‌തഭവനില്‍ 443 പേര്‍ പങ്കെടുക്കും. 28 മുതല്‍ 31 വരെയാണ് പ്‌ളീനം ചര്‍ച്ചകള്‍ നടക്കുക. കേരളത്തില്‍ നിന്നും 88 പേര്‍ പ്‌ളീനത്തില്‍ പങ്കെടുക്കും. മാധ്യമപ്രവര്‍ത്തകര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ട്.
റാലി, പൊതുസമ്മേളനം എന്നിവയുമായാണ് പ്‌ളീനം തുടങ്ങുന്നത്. സംഘടന ശക്‌തമാക്കലാണ് ഇത്തവണത്തെ പ്രധാന അജണ്ഡ. കേരളത്തിന് പുറമേ ബംഗാളില്‍ നിന്നും 88 പേര്‍ പങ്കെടുക്കും. പ്‌ളീനം രേഖയ്‌ക്കും പ്രമേയത്തിനും കേന്ദ്രക്കമ്മറ്റി ശനിയാഴ്‌ച അംഗീകാരം നല്‍കി. സംസാരിക്കേണ്ടവരേയും തീരുമാനിച്ചിരുന്നു. കൂടുതല്‍ ജനകീയമാകണമെന്ന പ്രമേയമായിരിക്കും പ്‌ളീനത്തില്‍ അവതരിപ്പിക്കുക.
1968 ല്‍ ബര്‍ദ്വാനിലും 1978 ല്‍ സാല്‍ക്കിയയിലുമായിരുന്നു ഇതിന് മുമ്പ് പ്‌ളീനങ്ങള്‍ നടന്നിട്ടുള്ളത്. കൊല്‍ക്കത്ത പ്‌ളീനവും അതേ രീതിയിലായിരിക്കും. 12 മണിക്ക് നടക്കുന്ന റാലിയോടെയാണ് തുടക്കമാകുക. പത്തുലക്ഷം പേര്‍ റാലിയില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്നും കോടിയേരി ബാലകൃഷ്‌ണനാണ് സംഘടനാറാലിയില്‍ സംസാരിക്കുക. പതാക ഉയര്‍ത്തലും രക്‌തസാക്ഷി അനുസ്‌മരണവും ബ്രിഗേഡ് മൈതാനത്തായിരിക്കും നടക്കുക.
യുവജനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ കരടു റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.












