ദേവസ്വം പ്രസിഡന്റ് രാജിവയ്ക്കണം,​ മുഖ്യമന്ത്രിയുടേത് തുറന്ന നിലപാട്: വെള്ളാപ്പള്ളി


ആലപ്പുഴ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസി‌ഡന്റ് എ.പത്മകുമാറിനെ രൂക്ഷമായി വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ചും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. ദേവസ്വം പ്രസിഡന്റ് രാജി വയ്ക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.


ശബരിമല വിധിക്കെതിരെ പത്മകുമാറിന്റെ കുടുംബ തന്നെ സമരത്തിന് ഇറങ്ങുന്നത് ശരിയല്ല. കേസില്‍ റിവ്യൂ ഹര്‍ജി നല്‍കാനുള്ള സാദ്ധ്യതയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നത് തുറന്ന സമീപനമാണ്. സുപ്രീം കോടതി വിധി എന്തായാലും അംഗീകരിക്കുമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ആ സാഹചര്യത്തില്‍ വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുന്നത് എങ്ങനെയാണെന്നും വെള്ളാപ്പള്ളി ചോദിച്ചു.


ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. ശബരിമലയിലെ അനുഷ്ഠിക്കുന്നതിനൊപ്പം നിയമങ്ങള്‍ അനുസരിക്കേണ്ടതുമുണ്ട്. ഇപ്പോള്‍ നടക്കുന്ന സമരത്തെ എസ്.എന്‍.ഡി.പി പിന്തുണയ്ക്കുന്നില്ല. ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചപ്പോള്‍ തന്ത്രി കുടുംബം പങ്കെടുക്കാതിരുന്നത് ശരിയല്ല. തന്ത്രിയും തന്ത്രി കുടുംബവും മാത്രമടങ്ങുന്നതല്ല ഹിന്ദു സമൂഹം. വിധിയുടെ പേരില്‍ തെരുവിലിറങ്ങിയത് ശരിയായ നടപടിയല്ല. ഹിന്ദുക്കളുടെ പേരില്‍ കലാപമുണ്ടാക്കാനാണ് ഇപ്പോഴത്തെ ശ്രമം.

ശബരിമല വിഷയത്തില്‍ ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. ശബരിമല വിഷയത്തിലൂടെ വോട്ട് മാത്രമാണ് ബി.ജെ.പിയുടെ ലക്ഷ്യം. തെരുവിലിറങ്ങി പ്രതിഷേധങ്ങള്‍ നടത്തുന്നത് വോട്ടുമാത്രം ലക്ഷ്യം വച്ചാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.



Sharing is Caring