തിരുവനന്തപുരം: സംസ്ഥാനം സമാനതകളില്ലാത്ത പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടുകോടി രൂപ സഹായം നല്കി എസ്ബിഐ. ഇതുകൂടാതെ ബാങ്കിന്റെ 2.70 ലക്ഷം ജീവനക്കാരോട് സ്വന്തം നിലയ്ക്ക് സംഭാവന നല്‍കാനും എസ്ബിഐ അഭ്യര്‍ഥിച്ചിരുന്നു. ഇങ്ങനെ സ്വരൂപിക്കുന്ന തുകയുടെ തത്തുല്യമായ തുക എസ്ബിഐയുടെ വകയായി ചേര്‍ത്ത് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.
കൂടാതെ പണമിടപാടുകള്‍ക്കും വായ്പകള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ച എസ്ബിഐ ദുരിതത്തില്‍പ്പെട്ടവര്‍ക്ക് ഡൂപ്ലിക്കറ്റ് പാസ്ബുക്ക്, ചെക്ക് ബുക്ക്, എടിഎം എന്നിവയ്ക്കുള്ള ചാര്‍ജ്, വായ്പ തിരിച്ചടവുഗഡു വൈകിയാല്‍ ഈടാക്കുന്ന ലേറ്റ് ഫീ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പണം അടയ്ക്കാനുള്ള ആര്‍ടിജിഎസ്/നെഫ്റ്റ് ചാര്‍ഡ് മിനിമം ബാലന്‍സ് ഇല്ലാത്തതിനാല്‍ ഈടാക്കുന്ന പിഴ എന്നിവ ഒഴിവാക്കിയിട്ടുണ്ടെന്നും എസ്ബിഐ അറിയിച്ചു.

രേഖകളും മറ്റും നഷ്ടപ്പെട്ടവര്‍ക്ക് അക്കൗണ്ട് എടുക്കാന്‍ ഫോട്ടോയും ഒപ്പും മാത്രം മതിയെന്നും ബാങ്ക് അറിയിച്ചു.













