ദിവസങ്ങൾ മാസങ്ങളായേക്കും; സുനിത വില്യംസിന്റെ ഭൂമിയിലേയ്ക്കുള്ള തിരിച്ചുവരവ് അനിശ്ചിതത്വത്തിൽ


ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസും സ‌ഹയാത്രികന്‍ യൂജിൻ ബുച്ച് വിൽമോറും ഭൂമിയിലെത്താന്‍ മാസങ്ങളെടുത്തേക്കുമെന്ന് സൂചന. പേടകത്തിന്റെ തകരാർ പരിഹരിക്കാൻ ഇനിയും സമയമെടുക്കുമെന്ന് നാസ അറിയിച്ചതിന് പിന്നാലെയാണിത്.


ബോയിങ് സ്റ്റാർലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോൾ പേടകത്തിൽനിന്ന് ഹീലിയം വാതകച്ചോർച്ചയുണ്ടായതാണ് പ്രതിസന്ധിക്ക് കാരണമായത്. ചില യന്ത്രഭാഗങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാതിരുന്നത് ദൗത്യം ദുഷ്കരമാക്കിയിരുന്നു. യാത്രികരുടെ സുരക്ഷ പരിഗണിച്ച് പേടകത്തിന്റെ സാങ്കേതിക പ്രശ്നങ്ങൾ വീണ്ടും പരിശോധിച്ച ശേഷമേ മടക്കയാത്രയ്ക്ക് നാസ അനുമതി നൽകുകയുള്ളൂ. പലവട്ടം മാറ്റിവച്ചശേഷം ജൂൺ അഞ്ചിനാണ് സ്റ്റാർലൈനർ ബഹിരാകാശത്തേക്കു തിരിച്ചത്. നാസയുടെ കൊമേഴ്സ്യല്‍ ക്രൂ പദ്ധതിയുടെ ഭാഗമായുള്ളതാണ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം.


വാണിജ്യ ആവശ്യങ്ങള്‍ക്കായി സ്റ്റാര്‍ലൈനര്‍ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചാണ് നാസയുമായി ചേര്‍ന്നുളള പരീക്ഷണം. നാസയുടെ ഈ ദൗത്യത്തിന് പേര് നല്‍കിയിരുന്നത് ക്രൂ ഫ്ളൈറ്റ് ടെസ്റ്റ് എന്നാണ്. ലോകമെമ്പാടുമുള്ള വിമാനങ്ങള്‍, റോട്ടര്‍ക്രാഫ്റ്റുകള്‍, റോക്കറ്റുകള്‍, ഉപഗ്രഹങ്ങള്‍, മിസൈലുകള്‍ എന്നിവ രൂപകല്‍പ്പന ചെയ്യുകയും നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന അമേരിക്കന്‍ ആസ്ഥാനമായ ബഹുരാഷ്ട്ര കോര്‍പറേഷനാണ് ബോയിങ് കമ്പനി. ഈ ദൗത്യത്തോടെ ബഹിരാകാശത്തേക്കുള്ള പരീക്ഷണ ദൗത്യത്തിൽ പേടകം പറത്തുന്ന ആദ്യ വനിതയായി സുനിത മാറി.



Sharing is Caring