ലക്‌നൗ: വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിച്ച് ജനക്കൂട്ടം കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയാണെന്ന് വെറ്റിനറി ചീഫ് ഓഫീസറുടെ റിപ്പോര്‍ട്ട്. അഖ്‌ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് പശുവിറച്ചിയല്ല, ആട്ടിറച്ചിയായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ദാദ്രിയില്‍ മധ്യവയസ്‌ക്കനായ മുഹമ്മദ് അഖ്‌ലാക്ക്, വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചുവെന്ന് ആരോപിച്ച് പതിനഞ്ചോളം വരുന്ന സംഘം അദ്ദേഹത്തെ അക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ അഖ്‌ലാക്കിന്റെ മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ദാദ്രി കൊലയുമായി ബന്ധപ്പെട്ട കുറ്റപത്രം പൊലീസ് സമര്‍പ്പിച്ചത്. ഉത്തര്‍പ്രദേശിലെ ഒരു പ്രദേശിക ബിജെപി നേതാവിന്റെ മകനായിരുന്നു മുഖ്യപ്രതി. കഴിഞ്ഞ സെപ്തംബര്‍ 29നാണ് ദാദ്രി സംഭവം നടന്നത്. രാജ്യത്തെ അസഹിഷ്ണുത വിവാദങ്ങള്‍ക്ക് തിരി കൊടുത്ത കൊലപാതകത്തെ ന്യായീകരിച്ച് ബിജെപിസംഘപരിവാര്‍ നേതാക്കള്‍ രംഗത്തെത്തിയതോടെ ദാദ്രി കൊലപാതകം നിരവധി ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരുന്നു.













