ചെന്നൈ: കൊറോണ വൈറസ് (കോവിഡ്-19) വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ചെന്നൈ ഉള്‍പ്പെടെ നാല് ജില്ലകളില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍. തലസ്ഥാനമായ ചെന്നൈയ്ക്കു പുറമെ തിരുവെള്ളൂര്, കാഞ്ചിപുരം, ചെങ്കല്‍പേട്ട് എന്നീ ജില്ലകളിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 19 മുതല്‍ 30 വരെയാണ് ലോക്ക്ഡൗണ്‍.
ഞായറാഴ്ചകളില്‍ ഉള്‍പ്പെടെ സമ്ബൂര്‍ണമായും നാല് ജില്ലകളും അടച്ചിടും. ആശുപത്രികളും ലബോര്ട്ടറികളും ഫാര്‍മസികളും മാത്രമാകും തുറന്ന് പ്രവര്‍ത്തിക്കുക. ഓട്ടോ, ടാക്സി തുടങ്ങി ഗതാഗത സംവിധാനങ്ങളൊന്നും പ്രവര്‍ത്തിക്കില്ല. സ്വകാര്യവാഹനങ്ങള്‍ക്കും നിരത്തിലിറങ്ങാന്‍ അനുമതിയില്ല.

ആളുകള്‍ അവശ്യസാധനങ്ങള്‍ രണ്ട് കിലോമീറ്റര്‍ ചുറ്റളവിനുള്ളില്നിന്ന് വാങ്ങണം. പാല്, പഴം, പച്ചക്കറി വില്‍ക്കുന്ന കടകള്‍, മൊബൈല്‍ ഔട്ട്ലെറ്റുകള്, പലചരക്ക് സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ തുറക്കാം. പെട്രോള്‍ പമ്ബുകള്‍ രാവിലെ ആറു മുതല്‍ നാല് വരെ തുറന്ന് പ്രവര്‍ത്തിക്കും.
സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് നല്കിയ ശുപാര്‍ശപ്രകാരമാണ് നിയന്ത്രണം കടുപ്പിക്കാനുള്ള തീരുമാനം. റോയപുരം, കോടമ്ബാക്കം, തേനാമ്ബേട്ട്, അണ്ണാനഗര്‍ അടക്കം ആറ് മേഖലകള്‍ അടച്ചിടാനാണ് വിദഗ്ധ സമിതി ശുപാര്‍ശ നല്‍കിയത്. രാജ്യത്ത് കൂടുതല്‍ കോവിഡ് ബാധിതര്‍ ഉള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്നാട്.













