ത്രിപുരയില്‍ അക്രമം അഴിച്ചുവിട്ട് ബിജെപി;ലെനിന്‍ പ്രതിമ തകര്‍ത്തു

അഗര്‍ത്തല: ത്രിപുരയില്‍ 25 വര്‍ഷത്തെ സിപിഎം ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി മികച്ച വിജയം നേടിയതിന് പിന്നാലെ സംസ്ഥാനത്ത് ശുദ്ധികലശം തുടങ്ങി. സിപിഎം ഭരണകാലത്തെ എല്ലാ വസ്തുക്കളും അടിച്ചുതകര്‍ക്കുന്നതായിട്ടാണ് വിവരങ്ങള്‍. നഗരമധ്യത്തില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമ ബുള്‍ഡോസര്‍ ഉപയോഗിച്ച് തരിപ്പണമാക്കി. ബിജെപി പ്രവര്‍ത്തകര്‍ ഭാരത് മാതാ കീ ജയ് വിളിച്ചാണ് സിപിഎം ഓഫീസിലേക്കു ഇരച്ചെത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പലയിടത്തും ഭയംമൂലം സിപിഎം നേതാക്കള്‍ ഒളിവില്‍ പോയിട്ടുണ്ട്. ത്രിപുരയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കാര്യങ്ങള്‍ മാറിമറയുകയാണ്…

ത്രിപുരയിലെ തെക്കന്‍ നഗരമായ ബിലോണിയയില്‍ സ്ഥാപിച്ച ലെനിന്റെ പ്രതിമായാണ് കഴിഞ്ഞദിവസം ഉച്ചയ്ക്ക് തകര്‍ത്തത്. ജെസിബിയുമായെത്തിയ ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് ആഘോഷിച്ച ശേഷമായിരുന്നു പ്രതിമ തകര്‍ത്തത്. ശേഷം ലെനിന്‍ പ്രതിമയുടെ തലഭാഗം തട്ടിക്കളിക്കുകയും ചെയ്തു.അഞ്ചുവര്‍ഷം മുമ്പ് കോളേജ് ചത്വരത്തില്‍ സ്ഥാപിച്ചതാണ് ലെനിന്‍ പ്രതിമ. തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബിജെപി പ്രവര്‍ത്തകര്‍ ജെസിബിയുമായി വന്നത്. തുടര്‍ന്ന് സിപിഎം ഭരണത്തില്‍ സ്ഥാപിച്ച എല്ലാ പ്രതിമകളും പാര്‍ട്ടി ഓഫീസുകളും ആക്രമിക്കുകയായിരുന്നു.

ഇടതുഭരണത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളാണ് ലെനിന്‍ പ്രതിമ തകര്‍ത്തത് എന്നാണ് ബിജെപി നേതാക്കളുടെ വാദം. എന്നാല്‍ സിപിഎം ഭരണത്തിന്റെ എല്ലാ ശേഷിപ്പുകളും ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം കുറ്റപ്പെടുത്തി. കമ്യൂണിസം ഫോബിയയുടെ ഭാഗമാണിതെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു.ജെസിബിയുടെ ഡ്രൈവര്‍ ആഷിഷ് പാലിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. പ്രതിമ പോലീസ് നീക്കം ചെയ്തു. ഇപ്പോള്‍ മുന്‍സിപ്പാലിറ്റി സ്റ്റോറേജിലേക്ക് മാറ്റിയിരിക്കുകയാണ്.

അഞ്ച് വര്‍ഷം മുമ്പ് സിപിഎം തിരഞ്ഞെടുപ്പ് വിജയത്തിന്റെ ഭാഗമായി സ്ഥാപിച്ചതാണ് ലെനില്‍ പ്രതിമ. മുന്‍സിപ്പാലിറ്റിയാണ് പ്രതിമ സ്ഥാപിച്ചതെന്നും ജനങ്ങളുടെ പണം ഉപയോഗിച്ചാണ് പാര്‍ട്ടി നേതാക്കളുടെ പ്രതിമ സ്ഥാപിച്ചതെന്നും ബിജെപി ജില്ലാ സെക്രട്ടറി രാജുനാഥ് പറഞ്ഞു.ബിജെപി നേതാക്കള്‍ പ്രതിമ തകര്‍ത്തതിനെ ന്യായീകരിക്കുകയാണ്. വിദേശിയായ ഒരു നേതാവിന്റെ പ്രതിമയാണ് തകര്‍ത്തത്. മുന്‍ മുഖ്യമന്ത്രി നൃപന്‍ ചക്രവര്‍ത്തിയുടെ പ്രതിമായണെങ്കില്‍ ആരും തൊടില്ലായിരുന്നുവെന്നും അവര്‍ പ്രതികരിച്ചു.

സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ വ്യാപകമായ രീതിയില്‍ ആക്രമണം പല ഭാഗങ്ങളിലും നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് വിജയം വന്നതിന് പിന്നാലെയാണ് ബിജെപിക്കാരുടെ അഴിഞ്ഞാട്ടം. വിജയാഘോഷത്തിന്റെ മറവില്‍ നിരവധി സിപിഎം ഓഫീസുകള്‍ തകര്‍ക്കപ്പെട്ടു.ലെനിന്റെ പ്രതിമ പൊളിച്ച നഗരത്തില്‍ നിരവധി പ്രമുഖരുടെ പ്രതിമകളുമുണ്ട്. രവീന്ദ്രനാഥ ടാഗോര്‍, സ്വാമി വിവേകാനന്ദന്‍, വിദ്യാസാഗര്‍, കബി നസ്രുല്‍ എന്നിവരുടേതടക്കം. എന്നാല്‍ തകര്‍ക്കപ്പെട്ടത് ലെനിന്റേത് മാത്രം. ഇത് കമ്യൂണിസ്റ്റ് ഫോബിയ മൂലമാണെന്ന് സിപിഎം ജില്ലാ നേതാവ് ദത്ത പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *