തോമസ് ചാണ്ടി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍, പികെ രാജന്‍ വൈസ് പ്രസിഡന്റ്

കൊച്ചി: എന്‍സിപി സംസ്ഥാന അധ്യക്ഷനായി മുന്‍മന്ത്രി തോമസ് ചാണ്ടിയെ തെരഞ്ഞെടുത്തു. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ ദേശീയ നേതാവ് പ്രഫുല്‍ പട്ടേലാണ് തോമസ് ചാണ്ടിയെ അധ്യക്ഷനായി പ്രഖ്യാപിച്ചത്. എകെ ശശീന്ദ്രന്‍ പക്ഷക്കാരനായ പികെ രാജനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തിട്ടുണ്ട്.

എന്‍ പീതാംബരന്‍ സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് തോമസ് ചാണ്ടിയെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തിരിക്കുന്നത്. എകെ ശശീന്ദ്രന്‍ വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് തോമസ് ചാണ്ടി അധ്യക്ഷ പദവിയില്‍ എത്തിയിരിക്കുന്നത്. കായല്‍കൈയേറ്റ ആരോപണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം നഷ്ടമായി നില്‍ക്കുന്ന തോമസ് ചാണ്ടിക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ് പുതിയ സ്ഥാനാരോഹണം.

തോമസ് ചാണ്ടിയെ അധ്യക്ഷനാക്കിയാല്‍ പാര്‍ട്ടി വിടുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കേണ്ടി വരുമെന്ന് ശശീന്ദ്രന്‍ വിഭാഗത്തിലെ ചില മുതിര്‍ന്ന നേതാക്കള്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ സമ്മര്‍ദ്ദങ്ങളൊന്നും കേന്ദ്രനേതൃത്വം കാര്യമാക്കിയില്ല. തെരഞ്ഞെടുപ്പിലൂടെ അധ്യക്ഷനെ കണ്ടെത്തണമെന്ന നിലപാടായിരുന്നു ശശീന്ദ്രന്‍ വിഭാഗം സ്വീകരിച്ചത്. ജില്ലാക്കമ്മറ്റികളിലും മറ്റും തങ്ങള്‍ക്കുള്ള വ്യക്തമായ ഭൂരിപക്ഷത്തിലൂടെ അധ്യക്ഷസ്ഥാനത്തേക്ക് വിജയിക്കാനാകുമെന്ന് കണ്ടുകൊണ്ടായിരുന്നു ഈ നീക്കം. അപകടം മനസിലാക്കിയ തോമസ് ചാണ്ടി കേന്ദ്രനേതൃത്വത്തെ ചെന്നുകണ്ട് ഈ നീക്കത്തിന് തടയിടുകയായിരുന്നു. തെരഞ്ഞെടുപ്പിലൂടെ പാര്‍ട്ടിയെ പൂര്‍ണമായും കൈപ്പിടിയിലാക്കാനുള്ള എകെ ശശീന്ദ്രന്റെ നീക്കത്തിനാണ് ഇതിലൂടെ തിരിച്ചട് നേരിട്ടത്.

കഴിഞ്ഞയാഴ്ച മുംബൈയില്‍ ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തോമസ് ചാണ്ടിയെ അധ്യക്ഷനാക്കാന്‍ ധാരണയായത്. പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാരില്‍ ഒരാള്‍ മന്ത്രിയായതിനാല്‍ മറ്റേയാള്‍ക്ക് അധ്യക്ഷ പദവി നല്‍കണമെന്ന ന്യായമാണ് ദേശീയനേതൃത്വം ഉന്നയിച്ചത്. എതിര്‍പ്പുണ്ടെങ്കില്‍ മന്ത്രിസ്ഥാനം രാജിവച്ച്‌ അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ ശശീന്ദ്രനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *