ചോദ്യപ്പേപ്പറില്‍ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം അധ്യാപകന്റെ കൈവെട്ടിയ കേസില്‍ മൂന്നു പ്രതികള്‍ക്ക് ജീപര്യന്തം.
അധ്യാപകന് ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിന്റെ രണ്ടാം ഘട്ട വിചാരണ നേരിട്ട 11 പ്രതികളില്‍ ആറു പേര് കുറ്റക്കാരാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പ്രത്യേക കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. തെളിവുകളുടെ അഭാവത്തില്‍ 5 പ്രതികളെ കോടതി വിട്ടയച്ചിരുന്നു. 2,3,5 പ്രതികളായ മുവാറ്റുപുഴ രണ്ടാര്‍ക്കര സ്വദേശി സജില്‍ (36), ആലുവ കുഞ്ഞുണ്ണിക്കര എം.കെ.നാസര്‍ (48), കടുങ്ങല്ലൂര്‍ ഉളിയന്നൂര്‍ കെ.എ.നജീബ് (42) എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

കേസിലെ മറ്റുപ്രതികളായ , ആലുവ കടുങ്ങല്ലൂര്‍ എം.കെ.നൗഷാദ് (48), ആലുവ കുഞ്ഞുണ്ണിക്കര പി.പി.മൊയ്തീന് കുഞ്ഞ് (60), തായിക്കാട്ടുകര പി.എം.അയൂബ് (48) എന്നിവര്‍ക്ക് മൂന്നുവര്‍ഷം തടവും കോടതി വിധിച്ചു. വിചാരണക്കോടതി ജഡ്ജി അനില്‍ കെ.ഭാസ്കറാണ് വിധി പറഞ്ഞത്. കേരള പൊലീസിനും എന്‍ഐഎയും അഭിമാനിക്കാനാവുന്ന വിധിയാണ് പുറത്തുവന്നിരിക്കുന്നത്.
കേസില്‍ ആദ്യം അറസ്റ്റിലായ 31 പ്രതികളുടെ വിചാരണ 2015 മേയില്‍ പൂര്‍ത്തിയാക്കി 13 പ്രതികളെ ശിക്ഷിച്ചിരുന്നു. അതിനു ശേഷം അറസ്റ്റിലാവുകയും കീഴടങ്ങുകയും ചെയ്ത 11 പ്രതികളുടെ വിചാരണയാണ് ഇന്നലെ പൂര്‍ത്തിയാക്കിയത്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ (പിഎഫ്ഐ) പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയത്.
പിഎഫ്ഐയെ നിരോധിച്ച കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ വിജ്ഞാപനത്തില്‍ സംഘടന നടത്തിയ ഭീകരസ്വഭാവമുള്ള കുറ്റകൃത്യങ്ങളുടെ കൂട്ടത്തില്‍ അധ്യാപകന്റെ കൈവെട്ടിയ കേസും എടുത്തു പറഞ്ഞിരുന്നു. കൊലപാതകശ്രമം, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരായ പ്രവര്‍ത്തനം, ഗൂഢാലോചന, ഭീകരസംഘടനയില്‍ അംഗമാകല്‍, ആയുധനിയമം എന്നിവയാണു സജില്‍, നാസര്‍, നജീബ് എന്നിവര്‍ക്കെതിരെ യുള്ള പ്രധാന കുറ്റങ്ങള്‍.
ടി.ജെ.ജോസഫിനെ ആക്രമിച്ച സംഘത്തിലെ അംഗമായിരുന്നു സജില്‍. അക്രമിച്ച സംഘത്തില്‍ ഉണ്ടായിരുന്നില്ലെങ്കിലും എം.കെ.നാസറായിരുന്നു അവരെ നിയന്ത്രിച്ച സൂത്രധാരന്‍. സജില്‍, നജീബ് എന്നിവരുടെ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്തു.
കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിട്ടും വിവരം നല്‍കിയില്ല, പ്രതികളെ സംരക്ഷിക്കല്‍, ഗൂഢാലോചന എന്നിവയാണു നൗഷാദ്, മൊയ്തീന് കുഞ്ഞ്, അയൂബ് എന്നിവര്‍ക്കെതിരെ കണ്ടെത്തിയ കുറ്റകൃത്യങ്ങള്‍.
നാലാം പ്രതി ഓടക്കാലി ഷഫീഖ് (31), ആറാം പ്രതി കുറുപ്പംപടി അശമന്നൂര്‍ അസീസ് ഓടക്കാലി (36), ഏഴാം പ്രതി തോട്ടക്കാട്ടുകര മുഹമ്മദ് റാഫി (40), എട്ടാം പ്രതി വെസ്റ്റ് വെളിയത്തുനാട് ടി.പി.സുബൈര്‍ (സുബു40), 10ാം പ്രതി ചൂര്‍ണിക്കര മന്‍സൂര്‍ (52) എന്നിവരെയാണു തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചത്. പ്രോസിക്യൂഷനു വേണ്ടി ആദ്യം പി.ജി.മനുവും പിന്നീടു സിന്ധു രവിശങ്കറും ഹാജരായി.
2010 ജൂലൈ നാലിനായിരുന്നു കൈവെട്ടിയത്. കൈപ്പത്തി വെട്ടിയെടുത്ത ഒന്നാം പ്രതി അശമന്നൂര്‍ സ്വദേശി സവാദ് (33) അന്നു മുതല്‍ ഒളിവിലാണ്.. കുറ്റകൃത്യം നടന്ന 2010 ജൂലൈ 4നു ആലുവയില്‍ നിന്നു സവാദ് ബെംഗളൂരുവിലേക്കു കടന്നതായി അന്ന് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാല്‍ 13 വര്‍ഷം രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നടത്തിയ അന്വേഷണത്തിനും സവാദിനെ കണ്ടെത്താനായില്ല.













