തെരഞ്ഞെടുപ്പ് തോല്‍വി: സി പി എം പോവുന്നത് വലിയ പൊട്ടിത്തെറിയിലേക്കെന്ന് വി ഡി സതീശന്‍

തെരഞ്ഞെടുപ്പ് തോല്‍വിയെത്തുടര്‍ന്ന് സി പി എം വലിയൊരു പൊട്ടിത്തെറിയിലേക്ക് പോവുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞത് പരസ്പരവിരുദ്ധമാണ്. വലിയ ജീര്‍ണതയാണ് സി പി എം നേരിടുന്നത്. പോരാളി ഷാജിയെന്നത് പ്രധാനപ്പെട്ട ഒരു നേതാവിന്റെ സോഷ്യല്‍ മീഡിയ സംവിധാനമാണ്. ചെങ്കതിരും പൊന്‍കരുമൊക്കെ മറ്റു രണ്ടു പേരുടേതാണ്. ഇപ്പോള്‍ ഇവരൊക്കെ തമ്മില്‍ പോരാടാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഞങ്ങളെ അപമാനിച്ചവര്‍ ഇപ്പോള്‍ തമ്മില്‍ അടിക്കുന്നത് ഞങ്ങള്‍ നോക്കി നില്‍ക്കുകയാണ്. അത് അവരുടെ ആഭ്യന്തരകാര്യമാണെങ്കിലും കോണ്‍ഗ്രസിനെ മാത്രം നിരീക്ഷിക്കുന്ന ചില മാധ്യമങ്ങളെങ്കിലും കുറച്ചു നേരം സി പി എമ്മില്‍ സംഭവിക്കുന്നത് നോക്കണം. പൊട്ടിത്തെറിക്കുന്നതിന് മുന്‍പ് തന്നെ അതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്താല്‍ നന്നായിരിക്കും. വലിയ പൊട്ടിത്തെറി സി പി എമ്മിലുണ്ടാകും.

സി പി എം സെക്രട്ടറിയും മുഖ്യമന്ത്രിയും തോല്‍വിയെക്കുറിച്ച് പറഞ്ഞത് പരസ്പരവിരുദ്ധമായിട്ടും മാധ്യമങ്ങള്‍ കാണാതെ പോകുന്നു. സര്‍ക്കാരിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതെന്നാണ് സി പി എം ജില്ലാ കമ്മിറ്റികളുടെ റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലും പാര്‍ട്ടി ഗ്രാമങ്ങളിലും വോട്ടുകള്‍ അടപടലം ഒഴുകിപ്പോയി. പയ്യന്നൂരിലെ 26 വോട്ട് മാത്രം ഉണ്ടായിരുന്ന ബൂത്തില്‍ യു ഡി എഫ് ലീഡ് ചെയ്തു.

അമിതാധികാരത്തില്‍ എന്തും ചെയ്യാമെന്ന അഹങ്കാരമാണ് സര്‍ക്കാരിന്. സാധാരണക്കാര്‍ കഷ്ടപ്പെടുമ്പോള്‍ സര്‍ക്കാര്‍ ദന്തഗോപുരത്തിലാണ്. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിലെ സി പി എമ്മിന് സംഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു. ബംഗാളില്‍ അധികാരത്തിന്റെ അവസാനകാലത്ത് കാട്ടിയ അഹങ്കാരവും ധിക്കാരവുമാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടര്‍ഭരണം കിട്ടിയതിനു ശേഷം കേരളത്തിലും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *