തൃശ്ശൂരിൽ തടിലോറി കയറിയിറങ്ങി അഞ്ചു പേർ മരിച്ച സംഭവത്തിൽ ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് പൊലീസ്


തൃശ്ശൂരിൽ ഉറങ്ങിക്കിടന്നവരുടെ ദേഹത്തുകൂടി തടിലോറി കയറിയിറങ്ങി അഞ്ചു പേർ മരിച്ച സംഭവത്തിൽ ലോറിയുടെ ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് പൊലീസ്. വാഹനം ഓടിച്ചിരുന്നത് ക്ലീനറായിരുന്നു. ഇയാൾക്ക് ഡ്രൈവിങ് ലൈസൻസില്ല. സംഭവത്തിൽ കണ്ണൂർ ആലങ്ങാട് സ്വദേശിയായ ക്ലീനർ അലക്സ്, കണ്ണൂർ സ്വദേശി ജോസ് എന്നിവരെ കസ്റ്റഡിയിലെടുത്തു.
ഡ്രൈവറായി നിശ്ചയിച്ചിരുന്ന ജോസ് മദ്യപിച്ച ശേഷം വാഹനത്തിൽ കിടന്നുറങ്ങുകയായിരുന്നു. തുടർന്ന് മദ്യലഹരിയിൽ അലക്സ് വാഹനം ഓടിക്കുകയായിരുന്നു.


നാട്ടികയിൽ ഉറങ്ങിക്കിടന്ന നാടോടികളുടെ ദേഹത്തുകൂടിയാണ് തടിലോറി കയറിയിറങ്ങിയത്. കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാരി (20) വിശ്വ (ഒരു വയസ്സ്) എന്നിവരാണ് മരിച്ചവരിലുള്ളത്. ഏഴു പേർക്ക് അപകടത്തിൽ പരുക്കേറ്റിരുന്നു. ഇവർ ഗുരുതര പരിക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.




Sharing is Caring