തൃശൂര്‍ പൂരം:അജിത് കുമാര്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിനെ പരിഹസിച്ച് കെ മുരളീധരന്‍


തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം ആർ അജിത് കുമാര്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കുറ്റം ചെയ്തയാള്‍ തന്നെയല്ലേ റിപ്പോര്‍ട്ട് തയ്യാറാക്കി കൊടുത്തതെന്ന് മുരളീധരന്‍ ചോദിച്ചു. തിരുവമ്പാടി കൃഷ്ണനും പാറേമക്കാവ് ഭഗവതിയും കൂടെയാണ് പൂരം കലക്കിയതെന്ന് എഴുതാഞ്ഞത് നമ്മുടെ ഭാഗ്യമാണെന്നും അദ്ദേഹം പരിഹസിച്ചു.


സ്വന്തം മുന്നണിക്ക് ലഭിക്കേണ്ട വോട്ടുകള്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ അട്ടിമറിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത തവണത്തെ തലശേരി സ്ഥാനാര്‍ത്ഥിയാണ് പി ശശിയെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.


‘പിണറായി വിജയന്റെ കവചകുണ്ഡലങ്ങളാണ് പി ശശിയും അജിത് കുമാറും. ബിനോയ് വിശ്വം വാളെടുത്ത് തുള്ളിയാലും കവചകുണ്ഡലം നല്‍കാന്‍ പിണറായി വിജയന്‍ തയ്യാറാവില്ല. ശശിയും അജിത്തും പോയാല്‍ പിന്നെ പിണറായി രാജി കത്ത് കൊടുത്താല്‍ മതി. അത്രയധികം കാര്യങ്ങള്‍ അവര്‍ക്ക് പറയാനുണ്ടാകും. അന്‍വര്‍ കോണ്‍ഗ്രസാണെന്ന് ഇപ്പഴാണോ മനസിലായത്.

രാഹുലിനെതിരെ അന്‍വറിനെ കൊണ്ട് പറയിപ്പിച്ചത് വരെ പിണറായി ആണ്. ഈ പരിപ്പൊന്നും കേരളത്തില്‍ വേവില്ല. ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്ന പിണറായിക്കതിരെയാവണം അടുത്ത യുഡിഎഫ് മുദ്രാവാക്യം,’ മുരളീധരന്‍ പറഞ്ഞു.തൃശൂര്‍ പൂരം കലക്കലിലെ കെപിസിസി അന്വേഷണ റിപ്പോര്‍ട്ട് എന്താണെന്ന് പ്രസിഡന്റിനോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ തോല്‍വിയെക്കുറിച്ചും മുരളീധരന്‍ സൂചിപ്പിച്ചു. ‘യുഡിഎഫിനെ സംബന്ധിച്ചിടത്തോളം പരാജയ കാരണത്തിലൊന്നാണ് പൂരം കലക്കല്‍. പക്ഷേ യുഡിഎഫിന്റെ സംഘടനാപരമായ ദൗര്‍ഭല്യമായിരുന്നെങ്കില്‍ അതിന്റെ ഫലം കിട്ടേണ്ടത് എല്‍ഡിഎഫിനാണ്.

തൃശൂരിന്റെ രീതി അങ്ങനെയാണ്. സംഘടനാപരമായ കാരണങ്ങള്‍ കാരണം കെ കരുണാകരന്‍ തോറ്റപ്പോള്‍ ജയിച്ചത് വി വി രാഘവനാണ്. ഇവിടെ ജയിച്ചത് ബിജെപി. സ്വന്തം മുന്നണിക്ക് ലഭിക്കേണ്ട സംവിധാനം പോലും അട്ടിമറിച്ച് പിണറായി ആ വിജയം താലത്തിലാക്കി ബിജെപിക്ക് കൊടുത്തു,’ മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസിന് പരമ്പരാഗതമായി ലഭിക്കേണ്ട വോട്ടുകള്‍ നഷ്ടമായിട്ടുണ്ടെന്നും പൂരം കലക്കുമ്പോള്‍ നഷ്ടപ്പെടുന്ന വോട്ട് യുഡിഎഫിന്റെ ക്വോട്ടയില്‍ നിന്നല്ലേ കൂടുതല്‍ പോകുകയെന്നും അദ്ദേഹം ചോദിച്ചു. തങ്ങള്‍ പറയേണ്ട കാര്യങ്ങള്‍ അന്‍വറിനെ പോലുള്ളയാളുകള്‍ പറയുന്നുണ്ടല്ലോയെന്നും ഇനി സമരം നടത്തേണ്ട ജോലി മാത്രമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സമരം നാളെ തുടങ്ങുമെന്നും മുരളീധരന്‍ വ്യക്തമാക്കി.



Sharing is Caring