തള്ളിയിട്ടു, പുതപ്പ് കൊണ്ട് കഴുത്തില്‍ വരിഞ്ഞുമുറുക്കി; ഗൃഹനാഥന്റെ മരണം കൊലപാതകം; ഭാര്യ അറസ്റ്റില്‍

ആനക്കര (പാലക്കാട്): മലമൽക്കാവിൽ മാനസികനില തെറ്റിയ ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയെ തൃത്താലപോലീസ് അറസ്റ്റ് ചെയ്തു.

മലമൽക്കാവ് പുളിക്കൽ സിദ്ദീഖി(58)ന്റെ മരണമാണ് കൊലപാതകമാണെന്ന് വ്യക്തമായത്. ഭാര്യ ഫാത്തിമ(45) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നതെങ്കിലും തിങ്കളാഴ്ച രാവിലെയാണ് സിദ്ദീഖ് മരിച്ചതായി നാട്ടുകാർ അറിയുന്നത്. ഇതിനിടയിൽ രാവിലെ മൃതദേഹം ഖബറടക്കംചെയ്യാനുള്ള ശ്രമങ്ങളും വീട്ടുകാർ നടത്തി. മരണത്തിൽ ദുരൂഹത തോന്നിയ നാട്ടുകാർ വിവരം തൃത്താല പോലീസിൽ അറിയിക്കയായിരുന്നു. തുടർന്ന്, പോലീസെത്തി ഖബറടക്കം നിർത്തിവെക്കാൻ ആവശ്യപ്പെട്ടു.

പോലീസ് നേതൃത്വത്തിൽ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. കഴുത്തുമുറുകി ശ്വാസം മുട്ടിയാണ് സിദ്ധീഖ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു.

ഷൊർണൂർ ഡിവൈ.എസ്.പി. സി. ഹരിദാസ്, തൃത്താല സി.ഐ. സി.കെ. നാസർ എന്നിവരുടെ നേത്യത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ ഭാര്യ ഫാത്തിമ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. തുടർന്ന്, പോലീസ് ഇവരെ അറസ്റ്റ് ചെയ്തു.

വർഷങ്ങളായി മാനസികാസ്വസ്ഥത പ്രകടിപ്പിക്കുന്ന വ്യക്തിയായിരുന്നു സിദ്ദീഖ്. സംഭവദിവസം ഞായറാഴ്ച അർധരാത്രിയായിട്ടും വീടിന്റെ ഉമ്മറത്തെ തിണ്ണയിൽക്കയറിനിന്നും ഇരുന്നും ഉറങ്ങാതെ സമയം കളയുകയായിരുന്നെന്ന് ഭാര്യ പോലീസിനോട് പറഞ്ഞു. ഇതിനിടെ സിദ്ദീഖിനെ തിണ്ണയിൽനിന്ന് താഴേക്ക് തള്ളിയിടുകയും സമീപത്തുണ്ടായിരുന്ന പുതപ്പുപയോഗിച്ച് കഴുത്തിൽ വരിഞ്ഞു മുറുക്കുകയും ചെയ്തു.

സിദ്ദീഖിന്റെ ശരീരത്തിൽ കയറിയിരുന്ന് വായ പൊത്തിപ്പിടിച്ചെന്നും ഇവർ പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി. സിദ്ദീഖ് നിശ്ചലനായതോടെ ഫാത്തിമ അകത്തുകയറി ഹാളിൽ കിടന്നുറങ്ങി. പുലർച്ചെ ആറു മണിക്ക് എഴുന്നേറ്റ് മകൾ ഫസീലയെയും മരുമകൻ അബ്ദുൾ സലാമിനെയും വിളിച്ച്, ഭർത്താവ് ഉമ്മറത്ത് മരിച്ച നിലയിൽ കിടക്കുന്ന വിവരം അറിയിച്ചു.

നല്ല ആരോഗ്യമുളള സിദ്ദീഖിനെ ഫാത്തിമയ്ക്ക് ഒറ്റയ്ക്ക് കൊലപ്പെടുത്താൻ കഴിയുമോ എന്ന കാര്യത്തിൽ പോലീസിന് സംശയമുണ്ട്. സംഭവത്തിൽ കൂടുതൽപ്പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുന്നുണ്ട്. സിദ്ദീഖിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കൂടല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തി. മക്കൾ: ഫസീല, പരേതനായ അബൂ താഹിർ. സഹോദരങ്ങൾ: സെയ്തലവി, കദീജ, ആയിഷ, ഇയ്യാത്തുകുട്ടി, പാത്തുമ്മു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *