തമിഴ്‌നാട്ടിലെ മഴക്കെടുതിയില്‍ 2000 കോടി രൂപയുടെ സഹായം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചാണ് സ്റ്റാലിന്‍ ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ മോദി അടിയന്തര സഹായം ഉറപ്പ് നല്‍കി. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ഫോണില്‍ വിളിച്ചാണ് മോദി അടിയന്തര സഹായം പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയത്.
ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. കോയമ്ബത്തൂര്‍, നീലഗിരി, ദിണ്ടിഗല്‍, തേനി അടക്കം 15 ജില്ലകളിലെ ഒറ്റപെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

വിഴുപ്പുറം, കടലൂര്‍, കൃഷ്ണഗിരി, തിരുവണ്ണാമലയ് ജില്ലകളില്‍ എന്‍ ഡി ആര്‍ എഫിന്റെ നേതൃത്വത്തില്‍ ദുരിതശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. വിഴുപ്പുറം, തിരുവണ്ണമലയ്, സേലം, കള്ളക്കുറിച്ചി, പുതുച്ചേരി എന്നിവിടങ്ങളില്‍ സ്‌കൂളുകള്‍ക്ക് ഇന്നും അവധി നല്‍കിയിട്ടുണ്ട്.
ഉരുള്‍പൊട്ടലുണ്ടായ തിരുവണ്ണാമലയില്‍ ഇന്നലെ രാത്രി ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ സന്ദര്‍ശനം നടത്തിയിരുന്നു. നദികളിലെ അപകടകരമായ നിലയില്‍ വെള്ളം തുടരുന്നതിനാല്‍ വിഴുപ്പുറം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാനായിട്ടില്ല.
ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെതുടര്‍ന്ന് സംസ്ഥാനത്ത് വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മഴക്കെടുതിയില്‍ 14 പേര്‍ മരിച്ചു. 2,400 ലധികം കുടിലുകളും 721 വീടുകളും നശിച്ചു. 2.11 ലക്ഷം ഹെക്റ്റര്‍ കാര്‍ഷിക ഭൂമിയും വെള്ളത്തില്‍ മുങ്ങി. റോഡുകള്‍, പാലങ്ങള്‍, ടാങ്കുകള്‍, 1,649 കിലോമീറ്റര്‍ വൈദ്യുതി കേബിളുകള്‍, 23,664 വൈദ്യുതി പോസ്റ്റുകള്‍, 997 ട്രാന്‍സ്‌ഫോര്‍മറുകള്‍, 4,200 അങ്കണവാടി കേന്ദ്രങ്ങള്‍, 205 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, 5,936 സ്‌കൂള്‍ കെട്ടിടങ്ങള്‍, 381 കമ്യൂണിറ്റി ഹാളുകള്‍, 623 ജല വിതരണ പദ്ധതികള്‍എന്നിവയെല്ലാം നശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.













