ഉത്തർപ്രദേശിൽ ഡ്രോണുകൾ ഉപയോഗിച്ച് മോഷണം നടത്തുന്നുവെന്ന് ആരോപിച്ച് ദളിത് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഹരിയോം (38) എന്ന യുവാവിനെയാണ് പ്രദേശവാസികൾ തല്ലിക്കൊന്നത്. ഉത്തർപ്രദേശിലെ റായ്ബറേലിയിലാണ് സംഭവം.
‘ഡ്രോൺ ചോർ’ എന്ന അഭ്യൂഹത്തിന്റെ പേരിലാണ് ആൾക്കൂട്ടം കൊലപാതകം നടത്തിയത്.ഒക്ടോബർ 2 ന് ഉഞ്ചഹാറിലെ ഒരു റെയിൽവേ ട്രാക്കിന് സമീപമാണ് ഹരിയോമിൻ്റെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം കണ്ടെത്തുന്നതിനായി പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയക്കുകയായിരുന്നു.

അതിനിടെയാണ് കള്ളനാണെന്ന് സംശയിച്ച് ഒരു കൂട്ടം ആളുകൾ ഇയാളെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ആൾ കൂട്ട ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തി.കള്ളനാണെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നതിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്നും ശേഷിക്കുന്ന പ്രതികളെ പിടികൂടാൻ അന്വേഷണം നടത്തുകയാണെന്നും റായ്ബറേലി എഎസ്പി സഞ്ജീവ് കുമാർ സിൻഹ പറഞ്ഞു.
എസ്‌സി/എസ്‌ടി നിയമപ്രകാരമുള്ള കുറ്റങ്ങൾ ചേർക്കുമോ എന്ന ചോദ്യത്തിന് നിയമോപദേശം തേടിയിട്ടുണ്ടെന്നും പൊലീസ് അതനുസരിച്ച് മുന്നോട്ട് പോകുമെന്നും സിൻഹ പറഞ്ഞു. കേസെടുക്കാൻ വൈകിയതിന് ഒരു സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതായും യുപി ഡയറക്ടർ ജനറൽ ഓഫ് പൊലീസ് പറഞ്ഞു.













