ഡോ.പി സരിനെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ എസ് നായർ


ഡോ.പി സരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെപിസിസി ഡിജിറ്റൽ മീഡിയ സെൽ അംഗമായിരുന്ന വീണ എസ് നായർ. കോണ്‍ഗ്രസ് വിട്ട സരിൻ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനിരിക്കെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് വീണ തുറന്ന കത്ത് എഴുതിയത്.


ഡിഎംസി കൺവീനർ എന്ന നിലയിലുള്ള സരിന്‍റെ പ്രവർത്തനങ്ങളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജനുവരിയിൽ താനും സഹപ്രവർത്തകരും പരാതി നൽകിയിരുന്നുവെന്നും അതിന്‍റെ പേരിൽ സൈബർ വിചാരണ നേരിടേണ്ടി വന്നുവെന്നും വീണ പറയുന്നു.‘ഡിജിറ്റൽ മീഡിയ കൺവീനർ എന്ന നിലയിൽ വെറും 25 പേരടങ്ങുന്ന സംഘത്തെ ഒരുമിച്ച് കൊണ്ടുപോകാൻ നടപടി സ്വീകരിക്കുന്നതിന് പകരം അംഗങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കി, സ്വന്തം ഫാൻ ഗ്രൂപ്പുകളെ സൃഷ്ടിക്കുകയാണ് സരിൻ എന്നാണ് പരാതി നൽകിയത്. കെപിസിസിക്കു കൊടുത്ത പരാതി ചാനലിന് ചോർന്നു.


മനസാ വാചാ അറിയാത്ത ഈ സംഭവത്തിന്റെ പേരിൽ ടാർഗറ്റ് ചെയ്തു സൈബർ ആക്രമണം നടത്തി’.‘2024 ജനുവരി മുതൽ ഈ കുറിപ്പ് എഴുതുന്ന നിമിഷം വരെ പൂർണാർത്ഥത്തിൽ സമാധാനമായി ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. ഒരു തെറ്റും ചെയ്യാതെ കുറ്റക്കാരിയായി മുദ്രകുത്തപ്പെടുകയായിരുന്നു. ആട്ടിൻതോലണിഞ്ഞ ചെന്നായയുടെ ശരിക്കുള്ള രൂപം പുറത്തുകൊണ്ടുവരണമെന്നും തങ്ങളുടെ നിരപരാധിത്വം തെളിയിക്കണമെന്നും കഴിഞ്ഞ 10 മാസമായി ദൈവത്തോട് പ്രാർത്ഥിക്കാത്ത ദിവസങ്ങളില്ല’ വീണ കുറിപ്പിൽ പറയുന്നു.

’25 പേരടങ്ങുന്ന ഒരു കുഞ്ഞു സംഘത്തെ പോലും ഒരുമിച്ചു കൊണ്ടുപോകാൻ പ്രാപ്തി ഇല്ലാത്ത ഒരാളെ രണ്ട് ലക്ഷം പേരടങ്ങുന്ന ഒരു നിയോജക മണ്ഡലത്തിന്റെ നാഥൻ ആക്കാൻ പുറപ്പെടുന്ന സിപിഎമ്മിന്റെ ഇന്നത്തെ രാഷ്ട്രീയ അന്ധതയോർത്ത് സഹതപിക്കുന്നു. മാലിന്യത്തിൽ നിന്ന് വളം നിർമ്മിക്കാം. പക്ഷേ ആ മാലിന്യം എൻഡോസൾഫാൻ ആണെങ്കിൽ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. എൻഡോസൾഫാൻ ഉണ്ടാക്കുന്ന ദുരിതങ്ങൾ നമ്മൾ കാണുന്നില്ലേ! കാലം തെളിയിക്കാത്ത സത്യങ്ങൾ ഇല്ലല്ലോ മാഷേ’- എന്ന് പറഞ്ഞാണ് എംവി ഗോവിന്ദന് എഴുതിയ കത്ത് വീണ അവസാനിപ്പിക്കുന്നത്.



Sharing is Caring