വെസ്റ്റിൻഡീസിലെ ബാർബഡോസ് കെൻസിങ്ടൺ ഓവലിൽ കുട്ടി ക്രിക്കറ്റിന്റെ ലോകകപ്പ് ഉയരാൻ ഇനി മണിക്കൂറുകൾ മാത്രം. ആരുയർത്തും ടി20 ലോകകപ്പ് കിരീടം എന്ന് മാത്രം അറിഞ്ഞാൽ മതി. നാളെ രാവിലെ ആരാകും ലോകകപ്പിൽ ഉമ്മ വച്ചു ഉണരുന്നത്? രോഹിത് ശർമയോ എയ്ദൻ മാർക്രമോ? ലോകം ഉറ്റു നോക്കുകയാണ്. ഇന്ന് രാത്രി എട്ടിനാണ് അതിവേഗ ക്രിക്കറ്റിന്റെ കലാശപ്പോര്.
കപിൽ ദേവിനും മഹേന്ദ്ര സിംഗ് ധോണിക്കും മാത്രം സാധ്യമായ രാജപദവിയിലേക്കാണ് രോഹിത് കണ്ണുനട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ഏകദിന ലോകകപ്പ് കൈവിട്ട് വിതുമ്പിയ ക്യാപ്റ്റന് ഇത്തവണ ഇല്ലെങ്കിൽ പിന്നെ ഒരിക്കലും ഇല്ലെന്നറിയാം. ടി20യിൽ 2007 ലെ ആദ്യ പതിപ്പിൽ മാത്രമാണ് ഇന്ത്യ കിരീടം ചൂടിയത്. 2011ൽ പിന്നീട് വൺഡേ ക്രിക്കറ്റ് ലോകകിരീടം ചൂടിയെങ്കിലും പിന്നീട് അതൊരു കിട്ടാക്കനിയായി. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഫൈനൽ ആണിത്.

ഇരു ടീമിനും കരുത്തുറ്റ നിര തന്നെയുണ്ട്. ഇന്ത്യ വിരാട് കോലി, ക്യാപ്റ്റൻ രോഹിത് ശർമ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറാ, കുൽദീപ് യാദവ് എന്നിവരിൽ പ്രതീക്ഷ അർപ്പിക്കുന്നു. വിക്കറ്റ് കീപ്പർ റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഹർദിക്ക് പാണ്ഡ്യ എന്നിവരും ഏതു നിമിഷവും തിളങ്ങാൻ കഴിവുള്ളവരാണ്.













