ജോസ് കെ മാണി എല്‍ഡിഎഫ് വിട്ടാല്‍ ‘പ്ലാന്‍ ബി’ നടപ്പിലാക്കാന്‍ സിപിഐഎം


കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റം സംബന്ധിച്ച ചർച്ചകൾ ശക്തമാകുന്നതിനിടെ പാർട്ടിയെ എല്‍ഡിഎഫിനൊപ്പം തന്നെ നിർത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കി സിപിഎം നേതൃത്വം. കേരള കോണ്‍ഗ്രസ് എമ്മിനെ എൽ ഡി എഫിനൊപ്പം തന്നെ നിലനിർത്താൻ ‘പ്ലാന്‍ എ, പ്ലാന്‍ ബി’ എന്നിങ്ങനെ രണ്ടു തലങ്ങളിലായുള്ള തന്ത്രങ്ങളാണ് സിപിഎം പയറ്റുന്നത്.


പ്ലാൻ എ പ്രകാരം, ജോസ് കെ മാണിയുമായി നേരിട്ട് സംസാരിച്ച് അദ്ദേഹത്തെ എൽഡഎഫിൽ തന്നെ തുടരാൻ സമ്മതിപ്പിക്കുന്നതിനാണ് ആദ്യ ശ്രമം. ജോസുമായി സംസാരിക്കാന്‍ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വിഎൻ വാസവനെ സിപിഐഎം ചുമതലപ്പെടുത്തി. ശബരിമല ദർശനം കഴിഞ്ഞ് വൈകുന്നേരത്തോടെ തിരികെ എത്തുന്ന വാസവൻ ജോസ് കെ. മാണിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.ജോസ് കെ മാണി എൽഡിഎഫ് വിടുമെന്ന സാഹചര്യം ഉണ്ടാകുകയാണെങ്കിൽ പ്ലാൻ ബി നടപ്പാക്കാനാണ് സിപിഐഎം തയ്യാറെടുക്കുന്നത്.


കേരള കോൺഗ്രസ് (എം) പിളർത്തി ഒരു വിഭാഗത്തെ എൽഡിഎഫിനൊപ്പം നിലനിർത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി റോഷി അഗസ്റ്റിനുമായി സംസാരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ തന്നെ പാർട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്.

ജോസ് കെ മാണി മുന്നണി വിട്ടാൽ മന്ത്രി റോഷി അഗസ്റ്റിന്‍റെ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തെ എൽഡിഎഫിനൊപ്പം നിലനിർത്തുക എന്നതാണ് സിപിഐഎം ലക്ഷ്യമിടുന്നത്. റാന്നി എംഎല്‍എ പ്രമോദ് നാരായണനും റോഷി അഗസ്റ്റിനൊപ്പം നിന്നേക്കും. പാർട്ടി പിളർത്തി പുറത്തേക്ക് വന്നാൽ രാഷ്ട്രീയ പിന്തുണയും സംരക്ഷണവും നൽകാമെന്ന ഉറപ്പ് സിപിഎം നല്‍കും.



Sharing is Caring