തൊടുപുഴ: സെപ്റ്റംബര്‍ 9 ന് രാജമല അഞ്ചാംമൈലിലെ വളവില്‍ ജീപ്പിന്റെ പിന്‍ഭാഗത്ത് നിന്ന് തെറിച്ചുവീണ കുഞ്ഞിനെ രക്ഷപ്പെടുത്തിയത് വനപാലകരല്ല. കമ്ബിളികണ്ടം സ്വദേശികളായ സതീഷ്- സത്യഭാമ ദമ്ബതികളുടെ കുഞ്ഞാണ് ജീപ്പില്‍ നിന്നു തെറിച്ചു വീണത്. രാജമല അഞ്ചാംമൈലിലെ വളവു തിരിയുന്നതിനിടെ ജീപ്പിന്റെ പിന്‍ഭാഗത്ത് ഏറ്റവും പുറകിലായിരുന്ന അമ്മയുടെ കൈയില്‍നിന്നു കുട്ടി തെറിച്ചുവീഴുകയായിരുന്നു. അമ്മയടക്കമുള്ളവര്‍ നല്ല ഉറക്കത്തിലായിരുന്നു. കുട്ടി വീണതറിയാതെ ജീപ്പ് മുന്നോട്ടുപോകുകയും ചെയ്തു. താഴെ വീണ കുട്ടി ടാര്‍ റോഡിലൂടെ ഇരുട്ടത്തു മുട്ടില്‍ ഇഴഞ്ഞു നീങ്ങി.
റോഡിലേക്കു വീണ കുഞ്ഞിനു രക്ഷകനായത് ഓട്ടോഡ്രൈവര്‍. കുഞ്ഞിനെ വനപാലകര്‍ രക്ഷിച്ചെന്ന വാദം തെറ്റാണെന്നു തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. മൂന്നാറിലെ ഓട്ടോഡ്രൈവറായ കനകരാജാണ് കുഞ്ഞിനു രക്ഷകനായത്. തന്നെ കണ്ടതോടെ അമ്മേ എന്നാണു കുഞ്ഞു വിളിച്ചതെന്നും കനകരാജ് പറയുന്നു.

കുഞ്ഞ് മനുഷ്യ ജീവി തന്നെയാണോ? എന്ന സംശയത്തില്‍ വനം വകുപ്പ് വാച്ചര്‍മാര്‍ മാറി നില്‍ക്കുകയായിരുന്നു. താന്‍ കുഞ്ഞിനെ എടുത്തതിന് ശേഷം മാത്രമാണ് ഈ വാച്ചര്‍മാര്‍ ഒപ്പം ചേര്‍ന്നതെന്നും ഓട്ടോ ഡ്രൈവര്‍ മൂന്നാര്‍ പോലീസില്‍ ഹാജരായി മൊഴി നല്‍കിയിട്ടുണ്ട്. വനപാലകര്‍ പറഞ്ഞതില്‍നിന്നു വ്യത്യസ്തമായി സിസിടിവിയില്‍ മൂന്നാമതൊരാളെ കൂടി കണ്ടതോടെ മൂന്നാര്‍ പോലീസ് ഇതിനെ കുറിച്ച് അന്വേഷിക്കുകയായിരുന്നു. ഈ അന്വേഷണത്തിലാണ് റോഡില്‍ വീണ കുഞ്ഞിന് യഥാര്‍ഥത്തില്‍ രക്ഷകനായത് ഓട്ടോ ഡ്രൈവറാണെന്ന് കണ്ടെത്തിയത്.













