ജി.എസ്.ടി ഉന്നതാധികാര സമിതി യോഗം ഇന്നും നാളെയും ഡല്‍ഹിയില്‍ നടക്കും. ജി.എസ്.ടി നിയമത്തിനു കീഴില്‍ സേവന നികുതി പിരിക്കുന്നതുസംബന്ധിച്ചാവും ഇന്നത്തെ യോഗത്തിലെ പ്രധാന ചര്‍ച്ച. ഇതിനു മുമ്പ് നടന്ന രണ്ട് ജി.എസ്.ടി യോഗത്തിലും ഇതുസംബന്ധിച്ചു തീരുമാനമാവാതെ പിരിയുകയായിരുന്നു.
ഈ മാസം 11നു നടന്ന ആറാമത് ജി.എസ്.ടി യോഗം, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ രൂപപ്പെട്ട കടുത്ത അഭിപ്രായവ്യത്യാസംമൂലം വെട്ടിച്ചുരുക്കുകയായിരുന്നു.
ജി.എസ്.ടി സംബന്ധിച്ച കരടിന് ഉന്നതാധികാരസമിതിയുടെ പിന്തുണവേണം. കൗണ്‍സിലിലെ 75 ശതമാനം അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലേ തീരുമാനം നടപ്പാക്കാനാവൂ. എന്നാല്‍ കരടു നിയമത്തില്‍ ചിലഭേദഗതികള് വേണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ വ്യവസ്ഥകളില്‍ ഗുജറാത്ത് സര്‍ക്കാര്‍ പോലും എതിര്‍പ്പ് അറിയിച്ച സാഹചര്യത്തില്‍ കൗണ്‍സിലില്‍ കേന്ദ്രത്തിന്റെ നിലപാടിന് ഭൂരിപക്ഷം ലഭിക്കാനിടയില്ല. ഇക്കാര്യത്തിലുള്ള എതിര്‍പ്പിനു പുറമെ പുതിയ രണ്ടുവ്യവസ്ഥകള്‍ കൂടി കേന്ദ്രം മുന്നോട്ടുവച്ചതും സംസ്ഥാനങ്ങളുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇതിനു പുറമെ, നോട്ട് നിരോധനംമൂലം ഉടലെടുത്ത കടുത്ത സാമ്പത്തിക പ്രതിസന്ധി എന്‍.ഡി.എ ഘടകകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ വരെ കേന്ദ്രത്തിനെതിരേ രംഗത്തുവരികയുംചെയ്തു. ഈ സാഹചര്യത്തില്‍ കേന്ദ്രം വിട്ടുവീഴ്ചചെയ്യാന്‍ നിര്‍ബന്ധിതമാവും.













