ജസ്‌നയെ കണ്ടെത്താന്‍ ഇടുക്കി വനമേഖലയില്‍ തിരച്ചില്‍; നേതൃത്വം നല്‍കുന്നത് 400 പോലീസുകാര്‍


പത്തനംതിട്ട: കാണാതായ പത്തനംതിട്ട സ്വദേശിനി ജെസ്‌നയ്ക്കായി ഇടുക്കി ജില്ലയിലെ വനമേഖലയില്‍ തിരച്ചില്‍ ആരംഭിച്ചു. പത്തനംതിട്ട സ്വദേശിനിയായ ജസ്‌നയെ കാണാതായിട്ട് മൂന്നുമാസം തികഞ്ഞെങ്കിലും ഇതുവരെ അന്വേഷണം എങ്ങും എത്തിയില്ല. ഇതോടെ പോലീസിനെതിരെ നാനഭാഗത്തുനിന്നും വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജസ്‌ന അവസാനമായി യാത്ര ചെയ്ത വഴിയിലൂടെ അന്വേഷണം വ്യാപിപ്പിക്കുന്നത്. എരുമേലിയില്‍നിന്നു മുണ്ടക്കയത്തേക്കുള്ള ബസിലാണ് ജെസ്‌ന അവസാനമായി യാത്ര ചെയ്തത്. ഈ സംശയത്തിന്റെ അടിസ്ഥാനത്തിലാണു തിരച്ചില്‍ വനമേഖലയിലേക്കും വ്യാപിപ്പിച്ചത്.


മൂന്ന് ജില്ലകളില്‍നിന്നു 400 പോലീസുകാരെ പങ്കെടുപ്പിച്ച്‌ എരുമേലി, മുണ്ടക്കയം, പീരുമേട്, കുട്ടിക്കാനം വനമേഖലകളില്‍ ബന്ധുക്കളുടെ ആവശ്യപ്രകാരം തിരച്ചില്‍ നടത്തുന്നത്. 10 സ്‌ക്വാഡുകളായി തിരിഞ്ഞാണു തിരച്ചില്‍.പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍നിന്നുള്ള പോലീസുകാരാണു സംഘത്തില്‍ ഉള്ളത്. ഒരു ഡിവൈഎസ്പി അഞ്ച് സിഐമാര്‍ എന്നിവരും സംഘത്തിലുണ്ട്.


അതിനിടെ ജസ്‌നയെ ബംഗളൂരുവിലും മറ്റും കണ്ടതായുള്ള വിവരം ലഭിച്ച്‌ അന്വേഷണസംഘം അങ്ങോട്ടേക്ക് തിരിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞദിവസം തമിഴ്‌നാട്ടില്‍ ജസ്‌നയോട് സാദൃശ്യം തോന്നുന്ന മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയെങ്കിലും അത് ജസ്‌നയുടേതല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. പല്ലില്‍ ഇട്ടിരുന്ന ക്ലിപ്പാണ് ജസ്‌നയുടേതാകാം എന്ന സംശയം ബലപ്പെടുത്തിയത്. എന്നാല്‍ കണ്ടെത്തിയ മൃതദേഹത്തിന് ജസ്‌നയുടേതിനേക്കാള്‍ പ്രായക്കൂടുതലുണ്ട്.



Sharing is Caring