ജലന്ധര്‍ പീഡനക്കേസ്: കന്യാസ്ത്രീയുടെയും സാക്ഷികളുടെയും മൊഴികളില്‍ വൈരുദ്ധ്യമെന്ന് കോട്ടയം എസ്പി


കോട്ടയം: ബിഷപ്പിനെതിരായ കേസില്‍ മൊഴികളിലും രേഖകളിലും വൈരുദ്ധ്യമുണ്ടെന്ന് പൊലീസ്. സംഭവം നടന്ന് 4 വര്‍ഷം മുമ്പായതുകൊണ്ട് മൊഴികളില്‍ വ്യക്തതക്കുറവ് സ്വാഭാവികം. ബിഷപ്പ് സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ രേഖകളുണ്ടെന്ന് കോട്ടയം എസ്പി പറഞ്ഞു.


അതേസമയം,ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസില്‍ അന്വേഷണ സംഘം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേസന്വേഷണത്തിന്റെ എല്ലാ വിവരങ്ങളും സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബിഷപ്പിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു. മൊഴികളില്‍ വ്യക്തത വരുത്തുന്നതിനാണ് ബിഷപ്പിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. 27 പേജുള്ള സത്യവാങ്മൂലമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.


കന്യാസ്ത്രീകള്‍ക്ക് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ അറിയിച്ചു. നാല് തലത്തില്‍ സുരക്ഷ ഏര്‍പ്പെടുത്തി.മഠത്തിലേക്ക് വരുന്ന ഫോണ്‍ കോളുകള്‍ വരെ പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി.

പരാതിക്കാരിയുടേയും ബിഷപ്പിന്റെയും സാക്ഷികളുടേയും മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. അത് പരിഹരിക്കണം. അതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ബിഷപ്പിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കന്യാസ്ത്രീകള്‍ക്ക് നാല് തലത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കോൺവെന്റിലേക്ക് വരുന്ന ഫോൺകോളുകൾ പോലും പരിശോധിക്കുന്നുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു.

കേസിലെ അന്വേഷണം നീണ്ടുപോകുന്നത് എന്തുകൊണ്ടാണെന്ന് കോടതി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ചോദിച്ചിരുന്നു. കഴിഞ്ഞ ഒരു മാസം എന്ത് നടപടികളാണ് എടുത്തിട്ടുള്ളത്. കന്യാസ്ത്രീകള്‍ക്ക് സുരക്ഷ നല്‍കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും കോടതി ചോദിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.



Sharing is Caring