റായ്പുര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ദൂരദര്ശന് ന്യൂസ് കാമറാമാനും രണ്ടു പോലീസുകാരും കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി മാവോയിസ്റ്റുകള്‍. ആക്രമണത്തിന് പദ്ധതിയിടുമ്ബോള്‍ മാധ്യമങ്ങളെ വക്ഷ്യം വച്ചിരുന്നില്ലെന്ന് മാവോയിസ്റ്റുകള്‍ വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചത് ബോധപൂര്‍വമല്ലെന്നും അവര്‍ ആക്രമണത്തില്‍ പെട്ടുപോയതാകാമെന്നും മാവോയിസ്റ്റുകള്‍ വ്യക്തമാക്കി. സംഭവ സ്ഥലത്ത് മാധ്യമ പ്രവര്‍ത്തകര്‍ ഉണ്ടെന്ന് അറിയില്ലായിരുന്നുവെന്നും മാവോയിസ്റ്റുകളുടെ കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. ദന്തേവാഡ ജില്ലയിലെ നിലാവായ ഗ്രാമത്തില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു ആക്രമണം. ദൂരദര്ശന് ന്യൂസ് കാമറാമാന് അച്യുതാനന്ദ് സാഹുവാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിനൊപ്പം സബ് ഇന്‍സ്പെക്ടര്‍ രുദ്ര പ്രതാപ് സിംഗ്, അസിസ്റ്റന്റ് കോണ്‍സ്റ്റബിള്‍ മംഗളു, എന്നീ പോലീസ് ഉദ്യോഗസ്ഥരായിരുന്നു കൊല്ലപ്പെട്ടത്. നൂറോളം മാവോയിസ്റ്റുകളായിരുന്നു ആക്രമണം നടത്തിയത്. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്നു മാവോയിസ്റ്റുകളും കൊല്ലപ്പെട്ടിരുന്നു.
റോഡ് നിര്‍മാണത്തിനു സുരക്ഷയൊരുക്കിയ സിആര്‍പിഎഫ് പട്രോളിംഗ് സംഘത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പോലീസുകാര്‍ക്കൊപ്പം മോട്ടോര്‍ സൈക്കിളില്‍ നിലവായയിലേക്കു പോകുകയായിരുന്നു ഡല്‍ഹിയില്‍ നിന്നുള്ള ദൂരദര്ശന് സംഘം. തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗിനെത്തിയ ഇവര്‍ ദിവസങ്ങളായി പ്രദേശത്തുണ്ടായിരുന്നു.

നിലവായയിലെത്തുന്നതിനു തൊട്ടു മുന്‍പ് മരച്ചില്ലയില്‍ സ്ഥാപിച്ച മാവോയിസ്റ്റ് പോസ്റ്റര്‍ ശ്രദ്ധയില്‍പ്പെട്ട കാമറാമാന് അച്യുതാനന്ദ് സാഹു മോട്ടോര്‍സൈക്കിളില്‍ നിന്നിറങ്ങി മരത്തിനു സമീപത്തേക്കു നടന്നു. പെട്ടെന്ന് മാവോയിസ്റ്റുകള്‍ പോലീസിനു നേര്‍ക്ക് തുരുതുരാ വെടിവയ്പ് ആരംഭിക്കുകയായിരുന്നു. സാഹുവായിരുന്നു ആദ്യം വെടിയേറ്റു മരിച്ചത്. തുടര്‍ന്നാണ് പോലീസുകാര്‍ കൊല്ലപ്പെട്ടത്.













