ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലില്‍ 16 നക്സലുകള്‍ കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.കേർലാപാല്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ വനത്തില്‍ രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നത്.
നക്സല്‍ വിരുദ്ധ ഓപ്പറേഷനായി സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം വനത്തില്‍ പട്രോളിംഗിന് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. കേർലാപാല്‍ പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടർന്ന് വെള്ളിയാഴ്ച രാത്രി ആരംഭിച്ച ഓപ്പറേഷനില്‍ ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് (ഡിആർജി), സെൻട്രല്‍ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പങ്കെടുത്തതെന്ന് അധികൃതർ അറിയിച്ചു.

ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് ഇതുവരെ 16 നക്സലുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഓപ്പറേഷൻ ഇപ്പോഴും പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. നടപടിയില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിസ്സാര പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേർത്തു.













