ചൗതാല, കല്‍മാഡി നിയമനം: ഐഒഎ റദ്ദാക്കി


ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍(ഐഒഎ) ആജീവനാന്ത പ്രസിഡന്റായി സുരേഷ് കല്‍മാഡിയേയും അഭയ് സിങ് ചൗതാലയേയും നിയമിക്കാനുള്ള തീരുമാനം ഐഒഎ റദ്ദാക്കി . ചെന്നൈയില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ നിയമനത്തിന്‍റെ അംഗീകാരം റദ്ദാക്കിയതായി ഐഒഎ പ്രസിഡന്റ് എന്‍.രാമചന്ദ്രന്‍ പ്രതികരിച്ചു.


ഐഒഎയുടെ വാര്‍ഷിക യോഗത്തിലാണ് കല്‍മാഡിയെയും അഭയ് സിങ് ചൗതാലയെയും ആജീവനാന്ത പ്രസിഡന്റുമാരായി തെരഞ്ഞെടുത്തത്. എന്നാല്‍ നിയമനത്തിന് ശേഷം വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നിരുന്നു.


എന്നാല്‍ തീരുമാനം വിവാദമായതിനെ തുടര്‍ന്ന് സ്ഥാനം ഏറ്റെടുക്കാന്‍ താനില്ലെന്ന് അറിയിച്ച് സുരേഷ് കല്‍മാഡി രംഗത്തെത്തിയിരുന്നു. എന്നാല്‍ അഭയ് സിങ് ചൗതാല ഉപാധികളോടെയാണ് രാജിസന്നദ്ധത അറിയിച്ചത്.

1996 മുതല്‍ 2011 വരെ ഐഒഎ പ്രസിഡന്റായിരുന്നു കല്‍മാഡി. പിന്നീടു ചൗതാല ഈ സ്ഥാനം വഹിച്ചു. 2010ല്‍ ദല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ കല്‍മാഡിയുടെ പങ്ക് വ്യക്തമായതിനെ തുടര്‍ന്നു അദ്ദേഹം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. 2012 ഡിസംബര്‍ മുതല്‍ 2014 ഫെബ്രുവരി വരെ ഐഒഎ പ്രസിഡന്റായിരുന്നു ചൗതാല.



Sharing is Caring