മഞ്ചേശ്വരം: മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ഥി ശങ്കര്‍ റൈക്കു പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ശങ്കര്‍ റൈ വിശ്വാസിയായതാണ് ചിലരുടെ പ്രശ്നമെന്നും വര്‍ഗീയ കാര്‍ഡ് ഇറക്കാനാണു പലരും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മഞ്ചേശ്വരത്ത് ശങ്കര്‍ റൈയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘മഞ്ചേശ്വരത്ത് ഇടതു സ്ഥാനാര്‍ത്ഥി വിശ്വാസിയായതാണ് ചിലരുടെ പ്രശ്നം. ഈ പരിപാടിയില്‍ പോലും മഹാഭൂരിപക്ഷം വിശ്വാസികളാണ്. മഞ്ചേശ്വരത്തെ വോട്ടര്‍മാരുടെ മനസറിഞ്ഞതിനാലാണ് സ്ഥാനാര്‍ഥിയെ ആക്ഷേപിക്കുന്നത്. എന്തിനാണു വേവലാതി?’- മുഖ്യമന്ത്രി ചോദിച്ചു.

‘യുഡിഎഫും ബിജെപിയും രാഷ്ട്രീയം പറയുന്നില്ല. വര്‍ഗീയ കാര്‍ഡ് ഇറക്കാനാണു പലരും ശ്രമിക്കുന്നത്. ചെന്നിത്തലയുടെ കപട ഹിന്ദു പരാമര്‍ശം അല്‍പ്പത്തരമാണ്. താങ്കള്‍ എന്താണെന്നറിയാം. അതു മഞ്ചേശ്വരത്തെ പാവങ്ങളുടെ മുന്നില്‍ വേണ്ട. ഹിന്ദുവിന്റെ അട്ടിപ്പേറവകാശം തന്റെ കക്ഷത്ത് ആരെങ്കിലും വച്ചു തന്നിട്ടുണ്ടോ?’ – മുഖ്യമന്ത്രി ചോദിച്ചു.കഴിഞ്ഞ തെറ്റുകള്‍ തിരുത്താനുള്ള അവസരമായാണ് ഉപതെരഞ്ഞെടുപ്പുകള്‍ ജനങ്ങള്‍ കാണുന്നതെന്നും അതാണു പാലായില്‍ കണ്ടതെന്നും മുഖ്യമന്ത്രി മഞ്ചേശ്വരത്തു പറഞ്ഞു.













