തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ചില ഡോക്ടര്‍മാര്‍ക്ക് ജോലിചെയ്യാന്‍ മടിയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒപി സമയം രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറുവരെയാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ഡോക്ടര്‍ക്ക് പുറമെ മൂന്ന് ഡോക്ടര്‍മാരെ നിയമിച്ചുവെന്നും മന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി.
രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് 1.30 വരെയും 1.30 മുതല്‍ വൈകുന്നേരം ആറുവരെയുമെന്ന കണക്കില്‍ നാലര മണിക്കൂര്‍ വീതമാണ് ഡ്യൂട്ടി സമയം നിശ്ചയിച്ചത്. ഇത് റൊട്ടേഷന്‍ വ്യവസ്ഥയിലായിരിക്കും. അതിനാല്‍ ഡോക്ടര്‍മാരുടെ ജോലിഭാരം കൂടുന്നുവെന്ന വാദത്തില്‍ കഴമ്ബില്ലെന്നും ചില ഡോക്ടര്‍മാര്‍ക്ക് നാലരമണിക്കൂര്‍ ജോലിചെയ്യാന്‍ മടിയാണെന്നും ആരോഗ്യമന്ത്രി വിമര്‍ശിച്ചു.

മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ ഒപി ഡ്യൂട്ടി രാവിലെ എട്ടുമുതല്‍ വൈകിട്ട് മൂന്നുവരെയാണ്. കാര്‍ഡിയോളജി പോലെയുള്ള സ്പെഷ്യല്‍റ്റികള്‍ വൈകിട്ട് ആറുമണിവരെ പ്രവര്‍ത്തിക്കുന്നുണ്ട്. അതിരാവിലെ ഓപ്പറേഷന് തിയറ്ററില്‍ കയറുന്ന ഡോക്ടര്‍മാര്‍ പലപ്പോഴും രാത്രിയാണ് അവിടെനിന്നും ഇറങ്ങുന്നത്. കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജോലി ചെയ്യുന്നുണ്ട്. സമയം നോക്കാതെ ജോലി ചെയ്യുന്ന ഭൂരിപക്ഷം ഡോക്ടര്‍മാര്‍ ഉള്ളപ്പോഴാണു നാലര മണിക്കൂര്‍ ജോലി ചെയ്യാന്‍ ചില ഡോക്ടര്‍മാര്‍ മടിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
1957 മുതല്‍ 2017 വരെയും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഒരു ഡോക്ടര്‍ മാത്രമാണുണ്ടായിരുന്നത്. രോഗീപരിചരണം, പ്രതിരോധ കുത്തിവയ്പ്പ്, ഫീല്‍ഡ്തല പ്രവര്‍ത്തനം, സെമിനാറുകള്‍ എന്നിവയെല്ലാം ഈ ഡോക്ടര്‍ ഒറ്റയ്ക്കു നോക്കിയിരുന്നു. ഇപ്പോള്‍ മൂന്ന് ഡോക്ടര്‍മാര്‍ക്കൊപ്പം നാല് സ്റ്റാഫ് നഴ്സുമാര്‍, ലാബ് ടെക്നീഷ്യന്, ഫാര്‍മസിസ്റ്റ് തുടങ്ങിയവരേയും നിയമിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.













