ഗുര്‍മീതിന്റെ ശിക്ഷാവിധി തിങ്കളാഴ്ച; കനത്ത ജാഗ്രതാ നിര്‍ദേശം


മാനഭംഗക്കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ ശിക്ഷ നാളെ പ്രഖ്യാപിക്കും. വിധി പ്രസ്താവിക്കാനിരിക്കെ ദേര സച്ചാ സൗദ ആസ്ഥാനത്തെ സുരക്ഷ ശക്തമാക്കി. ഹരിയാനയിലെ സിര്‍സയിലാണ് ദേര സച്ചയുടെ ആസ്ഥാനം. ആസ്ഥാനത്തെ ആശ്രമത്തില്‍ മുപ്പതിനായിരത്തോളം അനുയായികള്‍ തമ്ബടിച്ചിട്ടുണ്ട്. ആശ്രമം വിട്ട് പുറത്ത് വരണമെന്ന അധികൃതരുടെ അഭ്യര്‍ത്ഥന ഇവര്‍ ചെവിക്കൊണ്ടിട്ടില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അനുയായികളും ദേര സച്ച ആസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.


അനുയായിയായ യുവതിയെ മാനഭംഗം ചെയ്ത കേസില്‍ ഗുര്‍മീത് റാം റഹീം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് അഞ്ച് സംസ്ഥാനങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. മുപ്പതിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കലാപ സാധ്യതയെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര മുന്‍കരുതല്‍ എടുക്കാതിരുന്നതാണ് സ്ഥിതിഗതികള്‍ വഷളാകാന്‍ കാരണം.


സുരഷാ വീഴ്ചയുടെ പശ്ചാത്തലത്തില്‍ ഹരിയാന സര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും പഞ്ചാബ്-ഹരിയാന ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.



Sharing is Caring