ഗാസയില്‍ സ്ഥിരമായി അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക. 15ല്‍ 14 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഗാസ സിറ്റിയില്‍ ഇസ്രയേല്‍ കരയാക്രമണം രൂക്ഷമാക്കിയതിന് പിന്നാലെയാണ് യുഎന്‍ വീണ്ടും പ്രമേയം അവതരിപ്പിച്ചത്.
ഗാസയിലെ സാഹചര്യം ദുരന്തപൂര്‍ണമെന്ന് വിശേഷിപ്പിച്ച പ്രമേയം, 2.1 ദശലക്ഷം പലസ്തീനികള്‍ക്ക് സഹായം എത്തിക്കുന്നതിനുള്ള എല്ലാ നിയന്ത്രണങ്ങളും ഇസ്രായേല്‍ നീക്കണമെന്നും ആവശ്യപ്പെട്ടു.യുദ്ധം ആരംഭിച്ചതിന് ശേഷം ആറാം തവണയാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന സുരക്ഷാ സമിതിയുടെ പ്രമേയം അമേരിക്ക വീറ്റോ ചെയ്യുന്നത്.

അമേരിക്ക വീറ്റോ ചെയ്തതില്‍ അതിശയിക്കാനില്ലെന്ന് പശ്ചിമേഷ്യയിലെ യുഎസ് പ്രത്യക വക്താവ് മോര്‍ഗാന്‍ ഒര്‍താഗസ് പറഞ്ഞു. ‘ഹമാസിനെ അപലപിക്കാനും ഇസ്രയേലിന്റെ പ്രതിരോധിക്കാനുള്ള അവകാശത്തെ മനസിലാക്കാനും ഈ പ്രമേയം പരാജയപ്പെട്ടു. ഹമാസിന് ഗുണം ചെയ്യുന്ന തെറ്റായ വിവരണങ്ങളെ നിയമാനുസൃതമാക്കുന്നു’, അദ്ദേഹം പറഞ്ഞു.













