വെടിനിർത്തല്‍ കരാർ ലംഘിച്ച് ഗാസയില്‍ നടന്ന സംഘർഷങ്ങളില്‍ പ്രതികരണവുമായി ഖത്തർ. ഗാസയില്‍ നടന്ന സംഘർഷങ്ങള്‍ നിരാശാജനകമാണെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്‍റഹ്മാൻ അല്‍-താനി പ്രതികരിച്ചു.
ന്യൂയോർക്കില്‍ നടന്ന കൗണ്‍സില്‍ ഓണ്‍ ഫോറിൻ റിലേഷൻസില്‍ സംസാരിക്കവേയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.ഞങ്ങള്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടു, യാത്ര എളുപ്പമായിരുന്നില്ല. ചൊവ്വാഴ്ച ഗാസയിലെ വെടിനിർത്തലിനെ ബാധിച്ച വെല്ലുവിളികളുമായി ഞങ്ങള്‍ പൊരുത്തപ്പെടുന്നു. കരാർ നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കൊടുക്കുന്നത്.”- അബ്ദുള്‍റഹ്മാൻ അല്‍താനി പ്രതികരിച്ചു.

ഗാസയിലെ ഭരണം ഉപേക്ഷിക്കാൻ ഹമാസ് തയ്യാറാണെന്നും ഖത്തർ പ്രധാനമന്ത്രി പറഞ്ഞു. നിരായുധീകരിക്കേണ്ടതിന്റെ ആവശ്യകത അംഗീകരിക്കാൻ ഖത്തർ അവരെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ ആഴ്ച, ഗാസ ഭരണകൂടത്തില്‍ നിന്ന് പുറത്തുപോകാൻ തയ്യാറാണെന്ന് ഹമാസ് പറയുകയും സാങ്കേതിക വിദഗ്ധരുടെ ഒരു സ്വതന്ത്ര സമിതിക്ക് അധികാരങ്ങള്‍ കൈമാറാൻ സമ്മതിക്കുകയും ചെയ്‌തെന്നും അബ്ദുള്‍ റഹ്മാൻ അല്‍താനി പറഞ്ഞു.
ഹമാസ് വെടിനിർത്തല്‍ കരാർ ലംഘിച്ചെന്നാരോപിച്ച് കഴിഞ്ഞ ദിവസം ഗാസയില്‍ ഇസ്രായേല്‍ വ്യാപക ആക്രമണം നടത്തിയിരുന്നു. 104 പേരാണ് വിവിധയിടങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. മരിച്ചവരില്‍ 46 കുട്ടികളും ഉള്‍പ്പെടുന്നുണ്ടെന്ന് പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഹമാസ് വെടിനിർത്തല്‍ കരാർ ലംഘിച്ചതിനെ തുടർന്ന് ഡസൻ കണക്കിന് ഭീകരകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയിരിക്കുന്നത്. ഗാസയില്‍ ഒരു ഇസ്രയേല്‍ സൈനികനെ ഹമാസ് ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ആരോപിക്കുന്നത്. എന്നാല്‍ ആക്രമണവുമായി യാതൊരു ബന്ധവും ഇല്ലെന്നും വെടിനിർത്തല്‍ കരാറിനോട് പൂർണ്ണമായും പ്രതിബദ്ധതയുണ്ടെന്നും ഹമാസ് വ്യക്തമാക്കി.













