ഖത്തറില്‍ നിന്ന് കേരളത്തിലേക്കുള്ള ദുരിതാശ്വാസ സാമഗ്രികള്‍ സൗജന്യമായി എത്തിക്കും: ഖത്തര്‍ എയര്‍വേയ്‌സ്

ദോഹ: കാലവര്‍ഷക്കെടുതിയില്‍ ദുരന്തം അനുഭവിക്കുന്ന കേരളത്തിനു കൈത്താങ്ങുമായി ഖത്തര്‍ എയര്‍വേയ്‌സും. പ്രളയ ദുരന്തം അനുഭവിക്കുന്ന കേരളത്തിലേക്കുള്ള ദുരിതാശ്വാസ സാമഗ്രികള്‍ സൗജന്യമായി എത്തിച്ചാണ് ഖത്തര്‍ എയര്‍വേയ്‌സ് കേരളത്തിന് താങ്ങാവുന്നത്. ഇതു പ്രകാരം ഖത്തറില്‍ നിന്ന് പുറപ്പെടുന്ന ദോഹ-തിരുവനന്തപുരം യാത്രാ വിമാനത്തില്‍ 21 മുതല്‍ 29 വരെ സൗജന്യമായി ദുരിതാശ്വാസ സാമഗ്രികളെത്തിക്കുമെന്നു ഖത്തര്‍ എയര്‍വേയ്‌സ് ചീഫ് ഓഫിസര്‍ കാര്‍ഗോ ഗ്യൂം ഹാലക്‌സ് പറഞ്ഞു.

കേരളത്തിലേക്കു ദുരിതാശ്വാസ സാമഗ്രികളെത്തിക്കാന്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹം ഖത്തര്‍ എയര്‍വേയ്‌സില്‍നിന്നു പിന്തുണ അഭ്യര്‍ഥിച്ചതിനു പിന്നാലെയാണ് തീരുമാനം. വിമാനത്തില്‍ 50 ടണ്ണിലേറെ ദുരിതാശ്വാസ സാമഗ്രികള്‍ കേരളത്തിലെത്തിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ദുരന്തത്തിന് ഇരകളായവരുടെ കുടുംബങ്ങള്‍ക്കൊപ്പം തങ്ങളുടെ പ്രാര്‍ഥനകളുണ്ട്. മേഖല എത്രയും വേഗം ദുരന്തത്തില്‍നിന്നു തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടെന്നും ഗ്യൂം ഹാലക്‌സ് പറഞ്ഞു. കേവലം ഒരു കാര്‍ഗോ കാരിയര്‍ എന്നതിനുമപ്പുറം ഖത്തര്‍ എയര്‍വേയ്‌സ് കാര്‍ഗോ മാനുഷിക പ്രശ്‌നങ്ങള്‍ക്കു വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിനാവശ്യമായ ദുരിതാശ്വാസ വസ്തുക്കള്‍ വിമാനത്താവളത്തില്‍ എത്തിച്ചു നല്‍കി ഖത്തറില്‍ താമസിക്കുന്നവര്‍ക്ക് ഈ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാം. ഖര ഭക്ഷണ പദാര്‍ഥങ്ങള്‍, വെള്ളം, വസ്ത്രങ്ങള്‍, ആവശ്യമുള്ള മരുന്നുകള്‍ എന്നിവയാണു ദുരിതാശ്വാസ ഫണ്ടിലേക്കു നല്‍കേണ്ടത്. 100 കിലോ വരെയുള്ള പാക്കറ്റുകളാണ് അനുവദിക്കുക. ഷിപ്‌മെന്റ് ബുക്ക് ചെയ്യാനും മറ്റു വിവരങ്ങള്‍ക്കും +974 4018 1685 or +974 6690 8226 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *