കർണാടക സർക്കാർ ആരംഭിച്ച ജാതിസർവേയിൽ ഇടപെടാൻ വിസമ്മതിച്ച് കർണാടക ഹൈക്കോടതി


കർണാടക സർക്കാർ ആരംഭിച്ച ജാതിസർവേയിൽ ഇടപെടാൻ വിസമ്മതിച്ച് കർണാടക ഹൈക്കോടതി. സർവേ തടയണമെന്നാവശ്യപ്പെട്ട ഹർജികൾ കോടതി തള്ളി.ശേഖരിക്കുന്ന ഡാറ്റകൾ പുറത്താകില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി ഉത്തരവിട്ടു.


സർവേയിൽ പങ്കെടുക്കുന്നത് നിർബന്ധമല്ലെന്ന കാര്യം വിജ്ഞാപനം ചെയ്യണമെന്നും നിർദേശിച്ചു. താത്പര്യമുണ്ടെങ്കിൽ മാത്രം പങ്കെടുത്താൽ മതിയെന്നും കോടതി വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് വിഭു ബഖ്‌റു, ജസ്റ്റിസ് സിഎം ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. രാജ്യവൊക്കലിഗ സംഘ, അഖില കർണാടക ബ്രാഹ്മണ മഹാസഭ, അഖില കർണാടക വീരശൈവ-ലിംഗായത്ത് മഹാസഭ എന്നിവയുൾപ്പെടെ നൽകിയ ഒരുകൂട്ടം പൊതുതാത്പര്യ ഹർജികൾ പരിഗണിച്ചാണ് കോടതി വിധി.


സർവേ താത്കാലികമായി തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. സർവേയിൽ ഇടപെടാൻ കാരണമൊന്നും കാണുന്നില്ലെന്ന് കോടതി പറഞ്ഞു. സർവേയെ കേന്ദ്രസർക്കാർ കോടതിയിൽ എതിർത്തിരുന്നു.



Sharing is Caring