കോഴിക്കോട്: കോഴിക്കോട് ഭിന്നലിംഗക്കാര്‍ക്ക് നേരെ പൊലീസ് അതിക്രമം. സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയവരേയാണ് രാത്രി 2.30 ക്കാണ് ആക്രമിച്ചത്. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
ജാസ്മിന്‍, സുസ്മിത എന്നിവര്‍ക്കാണ് പരിക്കേറ്റത്. കലോത്സവത്തില്‍ അവതരിപ്പിക്കാനുള്ള ഡാന്‍സ് പരിശീലനത്തിന് ശേഷം താമസ സ്ഥലത്തേക്ക് പോകുന്നതിനിടയില്‍ പൊലീസ് വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.

ലാത്തികൊണ്ടുള്ള അടിയില്‍ ജാസ്മിന്റെ പുറത്ത് കാര്യമായി പരിക്കേറ്റിട്ടുണ്ട്. സുസ്മിതയുടെ കൈ ഒടിവുമുണ്ട്. യാതൊരു പ്രകോപനവുമില്ലാതെ കസബ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മര്‍ദ്ദിച്ചതെന്ന് ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ശരീരമാസകലം ഇവരെ ലാത്തികൊണ്ട് മര്‍ദ്ദിച്ചതായും ആരോപണമുണ്ട്.
നിങ്ങളെപ്പോലുള്ളവര്‍ ജീവിച്ചിരിക്കുന്നവര്‍ നാടിന് ആപത്താണെന്ന് പറഞ്ഞാണ് അവര്‍ തല്ലിയതെന്ന് ഇവര്‍ പറഞ്ഞു. പരിക്കേറ്റവര്‍ ഇപ്പോള്‍ ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. ആന്തരികമായ പരിക്കുള്ളതിനാല്‍ വിദഗ്ദ ചികിത്സക്കായി ഇവരെ മറ്റ് ആശുപത്രിയിലേക്ക് മാറ്റേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.












