കോഴിക്കോട് ബീച്ചാശുപത്രിയില്‍ ഹൗസ് സര്‍ജന്മാര്‍ തമ്മില്‍ സംഘര്‍ഷം


ബീച്ചാശുപത്രിയില്‍ ഹൗസ് സര്‍ജന്മാര്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. ശനിയാഴ്ചരാത്രി ഏഴുമണിയോടെയാണ് സംഭവം.ജോലിക്കായി ഒരു ഹൗസ്സര്‍ജൻ വൈകിവന്നത് മറ്റൊരു ഹൗസ്സര്‍ജൻ ചോദ്യംചെയ്തതാണ് വാക്കേറ്റത്തിനും പിന്നീട് സംഘര്‍ഷത്തിലേക്കും നയിച്ചത്.


സംഘര്‍ഷം അരമണിക്കൂറോളം നീണ്ടു. ഒട്ടേറെ രോഗികളാണ് അത്യാഹിതവിഭാഗത്തിന് മുന്നിലായി ചികിത്സയ്ക്കായി കാത്തുനില്‍ക്കേണ്ടി വന്നത്. മറ്റൊരു ഡോക്ടറെത്തിയാണ് ഹൗസ് സര്‍ജന്മാര്‍ തമ്മിലുള്ള സംഘര്‍ഷത്തിന് അയവുവരുത്തിയത്.


നെഞ്ചുവേദനയുമായി എത്തിയ രോഗിയെ പീന്നിട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്ന സ്ഥിതിവരെയുണ്ടായി. ഇത് ചികിത്സയ്ക്ക് കാത്തുനിന്നവരും കൂട്ടിരിപ്പുകാരും ആശുപത്രി അധികൃതരുമായി വാക്കേറ്റത്തിലേക്ക് നയിച്ചു.

രോഗികള്‍ക്ക് ചികിത്സ വൈകിയത് അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും ബീച്ചാശുപത്രി പൗരസമിതി ജനറല്‍സെക്രട്ടറി സലാം വെള്ളയില്‍ പറഞ്ഞു. പരാതി ലഭിക്കാത്തതിനാല്‍ കേസെടുത്തില്ലെന്ന് വെള്ളയില്‍ പോലീസ് പറഞ്ഞു.



Sharing is Caring