കൊടുംതണുപ്പില്‍ ആരോ ഉപേക്ഷിച്ചുപോയ ചോരക്കുഞ്ഞിന് സംരക്ഷണം തീര്‍ത്ത് തെരുവുനായ്ക്കള്‍. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം. റെയില്‍വേ തൊഴിലാളികളുടെ കോളനിയിലെ ബാത്ത്‌റൂമിന് പുറത്ത് തണുത്തുറഞ്ഞ നിലത്താണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ജനിച്ച് ഏതാനും മണിക്കൂറുകള്‍ മാത്രം പ്രായം.
രക്തത്തിന്റെ പാടുകള്‍ പോലും കുഞ്ഞ് ശരീരത്തിലുണ്ടായിരുന്നു. ഒരു കുറിപ്പോ, കുഞ്ഞിന് പുതയ്ക്കാന്‍ ഒരു പുതപ്പോ പോലും സമീപത്ത് ഉണ്ടായിരുന്നില്ല.അന്ന് രാത്രി മുഴുവന്‍ കുഞ്ഞിനെ സംരക്ഷിച്ചത് തെരുവുനായ്ക്കളാണ്. അവ കുരച്ചില്ല, കുഞ്ഞിനെ തൊട്ടില്ല. അതിന് സംരക്ഷണവലയം തീര്‍ത്തുക മാത്രം ചെയ്തു.

രാത്രിയില്‍ ആരും കുഞ്ഞിന് അരികിലേക്ക് വരാന്‍ നായ്ക്കള്‍ അനുവദിച്ചില്ലെന്നും പകല്‍ വെളിച്ചം വരുന്നത് വരെ നായ്ക്കള്‍ കുഞ്ഞിന് ചുറ്റും നിലകൊണ്ടുവെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് രാവിലെ പ്രദേശവാസികള്‍ എത്തിയപ്പോള്‍ കണ്ട കാഴ്ച്ച തെരുവുനായ്ക്കള്‍ കാവല്‍ക്കാരായ് കുഞ്ഞിന് ചുറ്റും നില്‍ക്കുന്നതാണ്.













