കേരള – തമിഴ്നാട് അതിര്‍ത്തിയില്‍ കാട്ടുതീ, മരണം 12 ആയി


തേനി: മീശപ്പുലിമല സന്ദര്‍ശിക്കാന്‍ തമിഴ്നാട്ടില്‍ നിന്നെത്തിയ വിനോദസഞ്ചാരികളും കോളേജ് വിദ്യാര്‍ത്ഥികളുമടങ്ങിയ സംഘത്തിലെ 12 പേര്‍ തേനിയിലെ കുരങ്ങിണിയില്‍ കാട്ടുതീയില്‍ പെട്ട് മരിച്ചു. 25 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. രക്ഷപ്പെട്ടവരില്‍ കോട്ടയം സ്വദേശി ബീനയും ഉള്‍പ്പെടുന്നു. തീ നിയന്ത്രണവിധേയമായതോടെ മൃതദേഹങ്ങള്‍ വനത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരികയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനയുടെ നാലു ഹെലികോപ്ടറുകള്‍ രംഗത്തുണ്ട്. ഇതോടൊപ്പം 10 കമാന്‍ഡോ സംഘവുമുണ്ട്. കൂടുതല്‍ മെഡിക്കല്‍ സംഘവും രാവിലെ സ്ഥലത്തെത്തി.


സേലം,​ ഈറോഡ് എന്നിവിടങ്ങളിലെ ഐ.ടി.ഐകളില്‍ നിന്ന് ട്രക്കിംഗ് പരിശീലനത്തിന് എത്തിയവരും ചെന്നൈയിലെ സ്വകാര്യ കമ്ബനി ജീവനക്കാരും അടക്കം 60 അംഗ സംഘമാണ് പേരാണ് വനത്തില്‍ അകപ്പെട്ടത്. മൂന്നാറില്‍ നിന്ന് ഉദ്ദേശം 60 കിലോമീറ്റര്‍ അകലെ കൊളുക്കുമല തേയില തോട്ടത്തിന്റെയും മീശപ്പുലിമലയുടെ താഴ്വരയിലെ കൊരങ്ങിണി വനത്തിലാണ് സംഭവം. ഇന്നലെ വൈകിട്ട് ആറിനാണ് വിദ്യാര്‍ത്ഥികള്‍ കാട്ടുതീയില്‍ അകപ്പെട്ടതായി പുറംലോകം അറിയുന്നത്. ഉടന്‍തന്നെ എസ്റ്റേറ്റിലെ തൊഴിലാളികളും വനംവകുപ്പ് ഉദ്യോഗസ്ഥരും വനത്തിലേക്ക് കുതിച്ചു. അതിനിടെ തീ പടര്‍ന്നപ്പോള്‍ പരിഭ്രാന്തരായ പെണ്‍കുട്ടികള്‍ നാലുപാടും ചിതറിയോടുകയും ചെയ്തിരുന്നു. പരിക്കേറ്റ എട്ട് പേരെ ബോഡിനായ്ക്കന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും തേനി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. തിരുപ്പൂരില്‍നിന്നുള്ള രാജശേഖര്‍ (29), ഭാവന (12), മേഘ (ഒന്‍പത്), ഈറോഡ് സ്വദേശി സാധന (11), തിരുപ്പൂര്‍ സ്വദേശി മോനിഷ (30), മടിപ്പാക്കം ചെന്നൈ സ്വദേശി പൂജ (27),​ ചെന്നൈ സ്വദേശി സഹാന (20) എന്നിവരാണ് ബോഡിനായ്ക്കന്നൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സയിലുള്ളത്.


വിവരം അറിഞ്ഞ് തേനിയില്‍ നിന്ന് അഗ്നിശമനസേനയുടെ നിരവധി യൂണിറ്റുകള്‍ കൊരങ്ങിണി വനമേഖലയിലേക്ക് കുതിച്ചെങ്കിലും വിദ്യാര്‍ത്ഥികള്‍ അകപ്പെട്ട പ്രദേശത്തേക്ക് റോഡ് ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം അസാധ്യമായി. സംഭവത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്റെ നിര്‍ദ്ദേശമനുസരിച്ച്‌ വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. എന്നാല്‍ പ്രദേശത്ത് ഇരുട്ട് ബാധിച്ചതിനാലും വനമേഖലയായതുകൊണ്ടും ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള പരിശോധന തുടരാനായില്ല. തേനി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വനംവകുപ്പ്, പൊലീസ്, അഗ്നിശമനസേന, റവന്യൂ ഉദ്യോഗസ്ഥരും നാട്ടുകാരും വനത്തില്‍ തിരച്ചില്‍ നടത്തുന്നുണ്ട്.



Sharing is Caring