കേരളത്തിന് വിദേശരാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത ധനസഹായം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ച്‌ കേന്ദ്രസര്‍ക്കാര്‍


ന്യൂഡല്‍ഹി: പ്രളയക്കെടുതി മൂലം കേരളത്തിന് വിദേശരാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത ധനസഹായം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ച്‌ കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യത്തില്‍ മുന്‍പ് വ്യക്തമാക്കിയ നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍‌ അറിയിച്ചു. സംസ്ഥാനത്തിന്‍റെ പുനര്‍നിര്‍മാണത്തിനായി ഫണ്ട് സമാഹരിക്കുന്നതിന് സംസ്ഥാന മന്ത്രിമാര്‍ വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന വിഷയത്തില്‍ പിന്നീട് തീരുമാനം അറിയിക്കാമെന്നും കേന്ദ്രം നിലപാടെടുത്തു.


മന്ത്രിമാരുടെ സന്ദര്‍ശനം സംബന്ധിച്ചുള്ള ചട്ടങ്ങള്‍‌ പരിശോധിക്കേണ്ടതുണ്ടെന്നും അതിനുശേഷം മാത്രം തീരുമാനങ്ങള്‍ അറിയിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി .കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വിദേശകാര്യമന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനമായതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഇത് സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി അറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടില്ല.




Sharing is Caring