കേരളം സമഭാവനയുടെ പുതുയുഗത്തിലേക്ക്: മുഖ്യമന്ത്രി

വികസന പന്ഥാവിലൂടെ സംസ്ഥാനം നവകേരള സൃഷ്ടിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ജനങ്ങളാണ് അതിന്റെ നേട്ടത്തിനു കാരണക്കാര്‍. ലോകത്തിലെ തന്നെ ഏറ്റവും കഴിവുറ്റ ഈ ജനതയ്ക്കു സമഭാവനയുടെ, സമത്വത്തിന്റെ പാത വെട്ടിത്തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനസര്‍ക്കാര്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹി ഗ്രാന്‍ഡ് ഹോട്ടലില്‍ ഇന്ത്യാ ടുഡേ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ പ്രഥമ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും വിദ്യാഭ്യാസം, ഭവനം, ആരോഗ്യം, ഭക്ഷണം, ആധുനിക വിനിമയ സൗകര്യങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കുന്നതിനൊപ്പം കഴിവുകളും അവസരങ്ങളും പ്രയോജനപ്പെടുത്തി മുന്നേറ്റങ്ങള്‍ സൃഷ്ടിച്ചെടുക്കുക എന്നതാണ് ലക്ഷ്യം. പൊതുസേവനങ്ങളുടെ ഏറ്റവും ഉയര്‍ന്ന നിലവാരം ജനങ്ങള്‍ക്ക് ഉറപ്പുവരുത്തും. വികസനത്തിന്റെ രാഷ്ട്രീയം കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ജീവിതകഥ ഒരു പേപ്പറില്‍ മാത്രം ഒതുങ്ങുന്നതല്ല, അത് ജനങ്ങളും പാര്‍ട്ടിയും സംസ്ഥാനവും ചേരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വികസിത സംസ്ഥാനമാണു കേരളം. എല്ലാക്കാലത്തും എല്ലാരംഗത്തും കേരളം ഉയര്‍ന്ന നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്. ഉയര്‍ന്ന ജീവിത നിലവാരം, സ്ത്രീ പുരുഷ അനുപാതം, ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ ശിശുമരണ നിരക്ക് തുടങ്ങിയവ മുഖ്യമന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി.

ഉത്തരവാദിത്വ ബോധത്തോടെയുളള ഒരു ദൈനംദിന ഭരണ സംവിധാനമാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. അടിസ്ഥാനപരമായ സമീപനമെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഒരുവര്‍ഷം മുമ്പ് ആരംഭിച്ച നവകേരള കര്‍മ പദ്ധതി. പൊതു വിദ്യാഭ്യാസം, എല്ലാവര്‍ക്കും ഭവനം, ആരോഗ്യം, ഹരിതാഭമായ കേരളം തുടങ്ങിയവ ഇതിന്റെ കര്‍മ മേഖലകളാണ്. ഏറ്റവും കുറഞ്ഞ ചെലവില്‍ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസവും ആരോഗ്യ സംവിധാനവുമാണ് ലക്ഷ്യമാക്കുന്നതും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും. മാലിന്യ നിര്‍മാര്‍ജനത്തിലൂടെ കേരള ജനതയ്ക്ക് സുരക്ഷിതമായ ഒരു പരിസ്ഥിതിയാണ് ഒരുക്കിക്കൊണ്ടിരിക്കുന്നത്. നദികളും ജലസ്രോതസുകളും സംരക്ഷിക്കുന്നതിനു നവകേരള കര്‍മ പദ്ധതിയിലൂടെ പരിപാടികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.

48 മണിക്കൂര്‍ ചെലവു രഹിത അപകട ചികിത്‌സ സൗകര്യം നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണു കേരളമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അഴിമതി തടയുന്നതില്‍ ഒരു വിട്ടുവീഴ്ചയക്കും തയാറല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ നീതിന്യായ സംവിധാനവും മാധ്യമങ്ങളും ഉയര്‍ന്ന ജാഗ്രതയാണ് പ്രകടിപ്പിച്ചുവരുന്നത്. അഴിമതിക്കു സ്വയം വിധേയരാവരാണ് ഇപ്പോള്‍ സര്‍ക്കാരിനെ ഭയപ്പെടുന്നത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏറ്റവും മികച്ച സുരക്ഷ ഉറപ്പു വരുത്തുന്നതിന് പോലീസ് സംവിധാനം കുറ്റമറ്റതാക്കിക്കൊണ്ടിരിക്കുകയാണ്. ഐഎഎസുപോലെ ഇന്ത്യന്‍ ടെക്‌നോളജിക്കല്‍ സര്‍വീസസ് ആവിഷ്‌കരിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിനോദസഞ്ചാരത്തില്‍ ആയുര്‍വേദത്തിനു പ്രാധാന്യം നല്‍കിയുളള പുതിയ സംസ്‌കാരത്തിനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് ശാസ്ത്രീയ ആയുര്‍വേദ ഗവേഷണ കേന്ദ്രം ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ, കുടുംബശ്രീ, മാനവശേഷിവികസനം, തൊഴിലവസരങ്ങള്‍, ശാസ്ത്ര ഗവേഷണം, കാര്‍ഷിക മുന്നേറ്റം തുടങ്ങിയ രംഗങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ മുഖ്യമന്ത്രി ഓരോന്നായി വിശദീകരിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിനു നല്‍കിയ കാര്യം അദ്ദേഹം എടുത്തുപറഞ്ഞു. നിലവില്‍ മൂന്നു വിമാനത്താവങ്ങളാണുള്ളത്. കണ്ണൂര്‍ വിമാനത്താവളം പൂര്‍ത്തിയായി വരുകയാണ്. ശബരിമലയില്‍ പുതിയ വിമാനത്താവളത്തിന് പദ്ധതി തയാറായി വരുകയാണ്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ റെയില്‍പാത ഇരട്ടിപ്പിക്കലിനു പച്ചക്കൊടി ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *