കെ.സുരേന്ദ്രന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും


പത്തനംതിട്ട: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളെ തുടര്‍ന്ന് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനാണ് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നതെന്നും ജാമ്യം അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് നിലപാടറിയിക്കും.


സന്നിധാനത്ത് നവംബര്‍ 6ന് 52 വയസുള്ള സ്ത്രീയെയും ബന്ധുവിനെയും അക്രമിച്ച സംഭവത്തിലാണ് ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. മറ്റൊരു കേസില്‍ അറസ്റ്റിലായ തനിക്ക് 15 ദിവസത്തിന് ശേഷം ജാമ്യം ലഭിച്ചിരുന്നു. തൊട്ടു പിന്നാലെയാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തതെന്നാണ് സുരേന്ദ്രന്റെ ആരോപണം.


അതേസമയം നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച കേസില്‍ സുരേന്ദ്രന്റെ റിമാന്റ് കാലാവധി ഇന്നവസാനിക്കും. പക്ഷേ സന്നിധാനത്ത് അന്‍പത്തിരണ്ടുകാരിയെ ആക്രമിച്ച കേസിലുള്‍പ്പെടെ ജാമ്യം ലഭിച്ചാല്‍ മാത്രമേ സുരേന്ദ്രന് പുറത്തിറങ്ങാനാകൂ.

അതേസമയം, ബിജെപി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു. കെ സുരേന്ദ്രനെതിരായ കേസുകള്‍ പിന്‍വലിക്കുക, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.



Sharing is Caring