കെവിന്റേത് ദുരഭിമാനക്കൊല തന്നെയെന്ന് കോടതി; ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കും


കോട്ടയം: കെവിന്റേത് ദുരഭിമാനക്കൊലയെന്ന് കോട്ടയം സെഷന്‍സ് കോടതി. കെവിന്‍ വധക്കേസ് ദുരഭിമാനക്കൊലപാതകമായി പരിഗണിക്കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കും.


വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഉയര്‍ന്ന കേരളത്തില്‍ ജാതിയുടെ പേരിലുണ്ടായ ആദ്യത്തെ കൊലപാതകമാണെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം. 2018 ലെ ശാന്തി വാഹിനി കേസ് പോലെ, കെവിന്‍ കേസും പരിഗണിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഈ ആവശ്യം അംഗീകരിക്കുന്നത് കേസില്‍ മുന്‍വിധിയുണ്ടാക്കാന്‍ ഇടയാക്കുമെന്നായിരുന്നു പ്രതിഭാഗത്തിന്റെ മറുവാദം.


നട്ടാശേരി പ്ലാത്തറ ജോസിന്റെ മകന്‍ കെവിനെ (24) നീനുവിനെ പ്രണയിച്ചു വിവാഹം കഴിച്ചതിലുള്ള ദുരഭിമാനം മൂലം കെവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണു കേസ്. ഒന്നാം പ്രതിയും നീനുവിന്റെ സഹോദരനുമായ ഷാനു, അഞ്ചാം പ്രതിയും നീനുവിന്റെ പിതാവുമായ ചാക്കാ ജോണ്‍ എന്നിവര്‍ ഉള്‍പ്പെടെ 10 പേര്‍ ഇപ്പോഴും റിമാന്‍ഡിലാണ്. കെവിന്റെ പിതാവ് ജോസഫ് ജേക്കബ് വാദം കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു.



Sharing is Caring