കെവിന്‍ കേസില്‍ ഉടന്‍ വിചാരണ ആരംഭിക്കണമെന്നു ചൂണ്ടിക്കാട്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി എസ് അജയന്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജി ചൊവ്വാഴ്ച്ച പരിഗണിക്കും. കേസിന്റെ വിചാരണ തീയതി ചൊവ്വാഴ്ച്ച കോടതി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ദുരഭിമാന കൊലക്കേസ് കുറ്റപത്രം നല്‍കി ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സൂപ്രീംകോടതി വിധിയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കോടതിയെ സമീപിച്ചത്. കേസിലെ ഒമ്ബത്, പത്ത് പ്രതികളുടെ ജാമ്യാപേക്ഷയില്‍ കഴിഞ്ഞ ദിവസം വാദം കേട്ടിരുന്നു. ഇക്കാര്യത്തിലും ചൊവ്വാഴ്ച്ച തീര്‍പ്പുണ്ടാകും. കഴിഞ്ഞ ഓഗസ്റ്റ് 21നാണ് അന്വേഷണ സംഘം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. കോട്ടയം നട്ടാശേരി എസ്‌എച്ച് മൗണ്ട് വട്ടപ്പാറ വാടകയ്ക്കു താമസിക്കുന്ന ജോസഫിന്റെ മകന്‍ കെവിന്‍ പി ജോസഫി(23)നെ കഴിഞ്ഞ മേയ് 27 പുലര്‍ച്ചെ 2.30ന് മാന്നാനത്തെ ബന്ധുവീട്ടില്‍ നിന്നും ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോകുകയും പിറ്റേന്നു പുലര്‍ച്ചെ തെലയ്ക്കു സമീപം ചാലിയക്കര തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
കേസില്‍ കെവിന്റെ ഭാര്യാ സഹോദരന്‍ തെന്മല ഒറ്റയ്ക്കല്‍ സാനുഭവനില്‍ ഷാനു ചാക്കോയാണ് ഒന്നാം പ്രതി. കേസില്‍ 14 പ്രതികളാണുള്ളത്. ഷാനു ചാക്കോ, സുഹൃത്തുക്കളായ നിയാസ് മോന്‍, നിയാസ് ഇസ്മായേല്‍, റിയാസ്, നീനുവിന്റെ പിതാവ് ചാക്കോ, മനു മുരളീധരന്‍, ഷിഫിന്‍ സജാത്, എന്‍. നിഷാദ്, ടിറ്റു ജെറോം, വിഷ്ണു, ഫസില്‍ ഷെറീഫ്, ഷാനു, ഷിനു, റെനീഷ് എന്നിവരാണ് കേസിലെ പ്രതികള്‍.














