കൂടത്തായി കേസിലെ സാക്ഷിയായ സി.പി.എം നേതാവ് കൂറുമാറി


കൂടത്തായ് കേസില്‍ സി.പി.എം പ്രാദേശിക നേതാവ് കൂറുമാറി. കോഴിക്കോട് കട്ടാങ്ങല്‍ മുന്‍ ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ കുമാറാണ് കൂറുമാറിയത്.


ഇയാള്‍ ഒന്നാം പ്രതി ജോളിക്കും നാലാം പ്രതി മനോജ്കുമാറിനും അനുകൂലമായി മൊഴി നല്‍കി. കേസില്‍ ഇതാദ്യമായാണ് ഒരാള്‍ കൂറുമാറുന്നത്.


നാലാംപ്രതി മനോജിന്റെ കേസുമായി ബന്ധപ്പെട്ട് മഹസര്‍ സാക്ഷിയായിട്ടാണ് പ്രവീണ്‍കുമാര്‍ ഉള്ളത്. ജോളിയുമായി ചേര്‍ന്ന് വില്‍പത്രം തയ്യാറാക്കിയെന്ന കേസില്‍ നാലാം പ്രതിയാണ് മനോജ് കുമാര്‍.

നേരത്തെ പഞ്ചായത്ത് അംഗമായിരുന്ന ഇയാളെ അടുത്തറിയാമെന്നും 15 വര്‍ഷം ഒരുമിച്ച്‌ പ്രവര്‍ത്തിച്ചിരുന്നുവെന്നുമാണ് പ്രവീണ്‍ നല്‍കിയ മൊഴി. എന്നാല്‍ പൊലിസ് പറഞ്ഞത് പ്രകാരമാണ് താന്‍ ഒപ്പിട്ടതെന്നും പൊലിസ് പറയുന്നിടത്തെല്ലാം താന്‍ ഒപ്പിടാറുണ്ടെന്നുമാണ് പ്രത്യേക വിചാരണ കോടതിയില്‍ പ്രവീണ്‍ കുമാര്‍ മൊഴി നല്‍കിയത്.

ഒന്നാം പ്രതി ജോളിയുടെ സഹോദരന്മാര്‍ അടക്കം 46 പേരെയാണ് പ്രത്യേക കോടതി ഇന്ന് വിസ്തരിച്ചത്. ഇതില്‍ പ്രവീണ്‍ കുമാര്‍ മാത്രമാണ് കൂറുമാറിയത്.



Sharing is Caring