കുടുംബശ്രീ നല്‍കിയത്‌ 7 കോടി, ശുചീകരണ പ്രവര്‍ത്തനത്തിലും ഏറെ മുന്നില്‍


തിരുവനന്തപുരം> ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീയുടെ സഹായമായ 7 കോടിരൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക്‌ കൈമാറി. സംസ്ഥാനത്തെ 14 ജില്ലയിലെ 43 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ ആഴ്ച സമ്ബാദ്യത്തില്‍ നിന്നും ശേഖരിച്ച തുകയാണിത്. ഫണ്ട് ശേഖരണത്തോടൊപ്പം തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ രണ്ട് ലക്ഷത്തിലധികം കുടുംബശ്രീ അംഗങ്ങള്‍ വളണ്ടറിയര്‍മാരായി .


ഇവരുടെ നേതൃത്വത്തില്‍ ഒരു ലക്ഷത്തിലധികം വീടുകളും, 3140 പൊതു സ്ഥലവും, പൊതു വഴിയും വൃത്തിയാക്കി. അതോടൊപ്പം വിവിധ ദുരിതാശ്വാസ ക്യാമ്ബുകളിലും, മറ്റുമുള്ള പ്രളയബാധിതരുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലേഴ്‌സിന്റെ നേതൃത്വത്തില്‍ 16361 പേര്‍ക്ക് കൗണ്‍സിലിംഗും നല്‍കി.
വിവിധ ക്യാമ്ബിലും, പ്രളയദുരിതത്തില്‍ ഒറ്റപ്പെട്ട കുടുംബങ്ങള്‍ക്കും 76781 അവശ്യവസ്തുക്കളുടെ പായ്ക്കറ്റുകള്‍ വിവിധ ജില്ലാ മിഷനുകളുടെ നേതൃത്വത്തില്‍ വിതരണം ചെയ‌്തു. 15309 കുടുംബശ്രീ അംഗങ്ങളുടെ വീടുകള്‍ ദുരിതബാധിതര്‍ക്ക് അഭയകേന്ദ്രമായി മാറി.


.തദ്ദേശസ്വയംഭരണ മന്ത്രി എ.സി മൊയ്തീനാണ്‌ ചെക്ക്‌ കൈമാറിയത്‌. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലവും, കാര്യക്ഷവുമാക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. മന്ത്രിക്ക് പുറമേ, കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, ഡോ.ടി.എന്‍ സീമ, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു .



Sharing is Caring