മൗനി അമാവാസി ദിനമായ ഇന്ന് പുലർച്ചെ മഹാ കുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് പത്തു പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി സ്ത്രീകൾക്ക് പരിക്കേറ്റു. പുലർച്ചെ 1:30 ഓടെയാണ് അപകടം നടന്നത്.
മരണസംഖ്യ ഉയർന്നേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ‘അമൃത് സ്നാനി’ന് മുന്നോടിയായി ലക്ഷക്കണക്കിന് ഭക്തർ ഒഴുകിയെത്തിയിരുന്നു.

‘സംഗമത്തിൽ’ നിന്ന് ഒരു കിലോമീറ്റർ അകലെ ബാരിക്കേഡുകൾ വച്ച് തിരക്ക് നിയന്ത്രിക്കുന്നതിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് സ്ത്രീകൾ ബോധരഹിതരാവുകയും പരുക്കേൽക്കുകയും ചെയ്തത്.
സംഭവത്തെ തുടർന്ന് മൗനി അമാവാസിയുടെ അമൃത സ്നാൻ അവസാനിപ്പിച്ചതായി അഖില ഭാരതീയ അഖാര പരിഷത്ത് പ്രസിഡന്റ് മഹന്ത് രവീന്ദ്ര പുരി പറഞ്ഞു. അഖാഡ പരിഷത്ത് ജനറൽ സെക്രട്ടറിയും ജുന അഖാര രക്ഷാധികാരിയുമായ മഹന്ത് ഹരി ഗിരിയും ഭക്തരോട് അവർ എവിടെയായിരുന്നാലും ഗംഗാ നദിയിൽ കുളിച്ച് വീടുകളിലേക്ക് മടങ്ങാൻ അഭ്യർത്ഥിച്ചു.
അപകടത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സംസാരിക്കുകയും അടിയന്തര ദുരിതാശ്വാസ നടപടികൾ സ്വീകരിക്കാൻ നിർദേശിക്കുകയും ചെയ്തു.













