ന്യൂഡല്‍ഹി: കീഴാറ്റൂര്‍ ബൈപ്പാസ് നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്. ഏറ്റെടുത്ത ഭൂമിയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കീഴാറ്റൂര്‍ ബൈപ്പാസിന്റെ അലൈന്‍മെന്റില്‍ മാറ്റമില്ല. കീഴാറ്റൂര്‍ വയലിലൂടെ ബൈപ്പാസ് പോകുമെന്ന് തന്നെയാണ് കേന്ദ്രസര്‍ക്കാരിന്റെ അന്തിമ വിജ്ഞാപനം. ഭൂവുടമകളുടെ ഹിയറിങ്ങിനുള്ള തീയതി പ്രഖ്യാപിച്ചാണ് വിജ്ഞാപനം. വിജ്ഞാപനം റദ്ദാക്കുമെന്നുള്ള ബിജെപിയുടെ വാഗ്ദാനം പാഴായി.
കീഴാറ്റൂര്‍ വയലിലൂടെയുള്ള ബൈപ്പാസ് നിര്‍മാണത്തിനെതിരെ പ്രാദേശിക കൂട്ടായ്മയായ ‘വയല്‍ക്കിളികള്‍’ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നീട് പ്രതിഷേധത്തിന് പിന്തുണയുമായി ബിജെപിയും രംഗത്തെത്തി. വിജ്ഞാപനം മരവിപ്പിക്കുമെന്നായിരുന്നു ബി ജെ പി നിലപാട് സ്വീകരിച്ചിരുന്നത്. തുടര്‍ന്ന് ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട ത്രീഡി നോട്ടിഫിക്കേഷന്‍ പുറത്തെത്തിയ സമയത്ത് വയല്‍ക്കിളി സമരസമിതി നേതാക്കളായ മമ്പറം ജാനകിയെയും സുരേഷ് കീഴാറ്റൂരിനെയും ബി ജെ പി സംഘം ഡല്‍ഹിയിലെത്തിച്ചു.

ഇവരും ബിജെപി നേതാക്കളും ഉള്‍പ്പെട്ട സംഘം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തുകയും ത്രീഡി നോട്ടിഫിക്കേഷന്‍ മരവിപ്പിക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അന്തിമവിജ്ഞാപനം വന്നതോടെ വയല്‍ക്കിളികള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാഴാവുകയായിരുന്നു.
നേരത്തെ അളന്ന് സ്ഥലം നിര്‍ണയിച്ച കീഴാറ്റൂര്‍ വയലിലൂടെ തന്നെ ബൈപ്പാസ് കടന്നുപോകുമെന്നാണ് റോഡ്‌സ് ആന്‍ഡ് ഹൈവേസ് ഇന്ന് മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന വിജ്ഞാപനം വ്യക്തമാക്കുന്നത്. ഇതില്‍ ഉള്‍പ്പെടുന്ന ഭൂവുടമകളുടെ ഹിയറിങ്ങിന് തീയതിയും വിജ്ഞാപനത്തില്‍ ചേര്‍ത്തിട്ടുണ്ട്. അന്തിമവിജ്ഞാപനം പുറത്തുവന്ന സാഹചര്യത്തില്‍ ഇനി സമരവുമായി മുന്നോട്ടുപോകാനാകില്ലെന്ന് വയല്‍ക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ ഇനിയെന്ത് നടപടി സ്വീകരിക്കും എന്നതിനെ കുറിച്ച് കൂടിയാലോചിക്കാന്‍ ചൊവ്വാഴ്ച വൈകുന്നേരം യോഗം ചേരുമെന്നും സുരേഷ് അറിയിച്ചു.












