കര്‍ഷക ആത്മഹത്യയും മൊറട്ടോറിയം വിഷയവും ലോക്സഭയില്‍ ഉന്നയിച്ച്‌ വയനാട് എംപി രാഹുല്‍ഗാന്ധി

ഡല്‍ഹി: വയനാട്ടിലെ കര്‍ഷക ആത്മഹത്യയും മൊറട്ടോറിയം പ്രതിസന്ധിയും ലോക്സഭയില്‍ ഉന്നയിച്ച്‌ രാഹുല്‍ ഗാന്ധി എംപി. കാര്‍ഷിക കടങ്ങള്‍ക്കുള്ള മൊറട്ടോറിയം നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസവും വയനാട്ടിലെ ഒരു കര്‍ഷകന്‍ കടം കാരണം ആത്മഹത്യ ചെയ്തു. വയനാട്ടിലെ 8000-ത്തോളം കര്‍ഷകര്‍ക്ക് ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് ലഭിച്ചു. അവരില്‍ പലരും ഏത് നിമിഷം വേണമെങ്കിലും സ്വന്തം വസ്തുവില്‍ നിന്നും കുടിയിറങ്ങേണ്ട അവസ്ഥയിലാണ്. ബാങ്കുകള്‍ ഒന്നരവര്‍ഷം മുന്‍പ് ജപ്തി നടപടികള്‍ ആരംഭിച്ച ശേഷം 18 കര്‍ഷകര്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തു.
സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷകരുടെ കടങ്ങള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മൊറട്ടോറിയം നിര്‍ദേശം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍ബിഐയോട് ആവശ്യപ്പെടുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 4.3 ലക്ഷം കോടി രൂപയുടെ നികുതിയിളവാണ് രാജ്യത്തെ വ്യവസായികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. വന്‍കിട വ്യവസായികളുടെ 5.5 ലക്ഷം രൂപയുടെ കടം ഈ കാലയളവില്‍ എഴുതി തള്ളുകയുണ്ടായി.

ഈ ബജറ്റില്‍ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു പ്രഖ്യാപനവും ഇല്ല. അഞ്ച് വര്‍ഷം മുന്‍പ് അധികാരമേല്‍ക്കുമ്ബോള്‍ നമ്മുടെ പ്രധാനമന്ത്രി കര്‍ഷകര്‍ക്ക് പല വാഗ്ദാനങ്ങളും നല്‍കിയിരുന്നു. കാര്‍ഷികവിളകള്‍ക്ക് മിനിമം വിലയടക്കം പലതും അദ്ദേഹം വാഗ്ദാനം ചെയ്തു. ഇതില്‍ എന്തെങ്കിലുമൊന്ന് നടപ്പിലാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ് – രാഹുല്‍ പറഞ്ഞു.

എന്നാല്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഉണ്ടായതല്ലെന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മറുപടി നല്‍കി. വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതികള്‍ ഉള്‍പ്പെടെ കര്‍ഷകര്‍ക്ക് വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും രാജ്നാഥ് സിങ് പ്രതികരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *